മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ പുരുഷ താരങ്ങൾ. ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ഇരുപതുകാരൻ ലക്ഷ്യ സെന്നും സെമിയിൽ പ്രവേശിച്ചു. അവസാന നാലിൽ ഇടംപിടിച്ചതോടെ രണ്ടു പേരും വെങ്കലം ഉറപ്പാക്കി.
സെമിയിൽ ശ്രീകാന്തും ലക്ഷ്യയുമാണ് നേർക്കുനേർ ഇറങ്ങുന്നത്. അതിനാൽ, 2021 ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെള്ളി മെഡൽ ഉറപ്പ്.
മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ പിന്നിലായെങ്കിലും ശക്തമായി തിരിച്ചെത്തിയായിരുന്നു ലക്ഷ്യ സെൻ ക്വാർട്ടറിൽ ജയം സ്വന്തമാക്കിയത്. ശ്രീകാന്ത് ഏകപക്ഷീയ പോരാട്ടത്തിലൂടെ ക്വാർട്ടർ കടന്ന് സെമിയിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു.
ചരിത്ര മെഡൽ
ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ പുരുഷ വിഭാഗത്തിൽ ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ വെള്ളി ഉറപ്പിക്കുന്നത്. പുരുഷ വിഭാഗത്തിൽ പ്രകാശ് പദുക്കോണും സായ് പ്രണീതും നേടിയ വെങ്കലമാണ് ഇന്ത്യയുടെ അക്കൗണ്ടിൽ ഇതുവരെയുള്ളത്.
1983 ലോക ചാന്പ്യൻഷിപ്പിലാണ് പ്രകാശ് പദുക്കോണിന്റെ വെങ്കലം. 2019ൽ ബി. സായ് പ്രണീത് വെങ്കലം സ്വന്തമാക്കി ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമതു മാത്രം ഇന്ത്യൻ പുരുഷ താരമായി.
വനിതാ സിംഗിൾസ് താരമായ പി.വി. സിന്ധുവാണ് ലോക ചാന്പ്യൻഷിപ്പിൽ ഏറ്റവും തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചത്.
വനിതാ സിംഗിൾസിൽ ഒരു സ്വർണവും (2019), രണ്ട് വെള്ളിയും (2017, 2018), രണ്ട് വെങ്കലവും (2013, 2014) സിന്ധു സ്വന്തമാക്കി. വനിതാ സിംഗിൾസിൽ സൈന നെഹ്വാളിനും (2015) വെങ്കല നേട്ടം അവകാശപ്പെടാനുണ്ട്. വനിതാ ഡബിൾസിൽ ജ്വാല ഗുട്ട – അശ്വിനി പൊന്നപ്പ സഖ്യം 2011ൽ വെങ്കലം നേടിയിരുന്നു.
സിന്ധു, പ്രണോയ് പുറത്ത്
2021 ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ വനിതാ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ക്വാർട്ടറിൽ പുറത്ത്. ലോക ഒന്നാം നന്പർ താരമായ തായ്വാന്റെ തായ് സു യിംഗിനോട് 21-17, 21-13നായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. പുരുഷ സിംഗിൾസ് ക്വാർട്ടറിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയും പരാജയപ്പെട്ടു. സിംഗപ്പുരിന്റെ ലൊ കീൻ യൊ 21-14, 21-12ന് പ്രണോയിയെ കീഴടക്കി.
പുരുഷ സിംഗിൾസിൽ നെതർലൻഡ്സിന്റെ മാർക്ക് ക്ലൈജുവിനെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയായിരുന്നു ശ്രീകാന്തിന്റെ സെമി പ്രവേശം. സ്കോർ: 21-8, 21-7. ഏകപക്ഷീയ പോരാട്ടം 26 മിനിറ്റ് മാത്രമാണ് നീണ്ടത്.
ഇരുപതുകാരനായ ലക്ഷ്യ സെന്നിന്റെ ആദ്യ ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പാണ്. കന്നി ചാന്പ്യൻഷിപ്പിൽതന്നെ സെമിയിൽ പ്രവേശിച്ച് താരം മെഡൽ ഉറപ്പിച്ചു. ചൈനീസ് താരമായ സാവൊ ജുൻ പെംഗിനെ ഒരു മണിക്കൂർ ഏഴ് മിനിറ്റ് നീണ്ട പോരാട്ടത്തിലൂടെ കീഴടക്കിയാണ് ഇന്ത്യൻ താരത്തിന്റെ സെമി പ്രവേശനം.
മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ തുടർച്ചയായി മൂന്ന് പോയിന്റ് നേടിയായിരുന്നു ലക്ഷ്യ തന്റെ വിജയ ലക്ഷ്യത്തിലെത്തിയത്. സ്കോർ: 21-15, 15-21, 22-20.