വടകര: താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. ആന്ധ്രാപ്രദേശ് സ്വദേശി നാരായണ സതീശ് (37) ആണ് കസ്റ്റഡിയിലായത്. താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാന്‍ ശ്രമിച്ചയാളാണിതെന്നതാണ് കരുതുന്നത്.
അഞ്ചുദിവസം മുമ്പ് ഒരു കെട്ടിടത്തില്‍ ഇയാള്‍ കയറുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മാനസിക വെല്ലുവിളി നേരിടുന്നയാളെന്നു സംശയിക്കുന്നു. പോലീസിന്റെ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കുന്നില്ല.
നേരത്തെ ചെറിയ തീപിടുത്തമുണ്ടായ കെട്ടിടങ്ങളുടെ സമീപത്തും ഇയാൾ എത്തിയിരുന്നതായി കണ്ടത്തിയിട്ടുണ്ട്.
വടകര താലൂക്ക് ഓഫീസിന് സമീപമെത്തി വലിച്ചെറിയപ്പെട്ട കടലാസുകൾ കൂട്ടിയിട്ട് തീയിട്ടശേഷം ഓടി രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വടകര ഡിവൈഎസ്പി കെ.കെ. അബ്ദുള്ഷറീഫ്, സിഐ പ്രേംസുധന് (കണ്ട്രോള് റൂം), എസ്ഐമാര വേണുഗോപാല്‍ (വടകര), മോഹനന് (സി. ബ്രാഞ്ച് ), എസ്ഐമാരായ പി.പി. മോഹനകൃഷ്ണന് (നാദാപുരം), വി.കെ. രാജീവ് (ക്രൈംബ്രാഞ്ച്), പി.കെ. രാജീവ് (സൈബര്‍ സെല്‍), എഎസ്ഐമാരായ കെ.പി. ഗിരീഷ് (വടകര), എംപി ശ്യാം (പയ്യോളി), വനിത പോലീസ് ഓഫീസര്‍ ഗീത (വടകര), സിപിഒ സിബില്‍ (വടകര) എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അട്ടിമറി സാധ്യതയടക്കം സംഘം പരിശോധിക്കുന്നുണ്ട്. ജില്ലാ കളക്ടറുടെയും എഡിഎമ്മിന്റെയും മേല്‍നോട്ടത്തിലാണ് അന്വേഷണം.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഒരുങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. റൂറൽ എസ്പി ഡോ. എ.ശ്രീനിവാസ് പ്രവർത്തനം ഏകോപിപ്പിക്കും.
ജില്ലാ കളക്ടറുടെയും എഡിഎമ്മിന്റെയും മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. 11 ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടാവുക. തീപിടിത്തത്തെ തുടർന്ന് കെഎസ്ഇബി ഓഫീസർമാരടക്കം നടത്തിയ അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടല്ലായെന്ന നിഗമനത്തിലാണ് എത്തിചേർന്നിരിക്കുന്നത്. അട്ടിമറി സാധ്യതയടക്കം സംഘം അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ചമുതൽ താത്കാലിക കെട്ടിടത്തിൽ താലൂക്ക് ഓഫീസ് പ്രവർത്തിക്കും. പൊതുജനങ്ങൾക്കായി ഹെൽപ് ഡെസ്ക്കും പ്രവർത്തിക്കുമെന്ന് മന്ത്രി രാജൻ അറിയിച്ചിട്ടുണ്ട്.നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടമാണ് ഇന്നലെ കത്തിനശിച്ച താലൂക്ക് ഓഫീസ് നിലനിൽക്കുന്ന കെട്ടിടം.
2017ൽ പൈതൃക കെട്ടിടമായി നിലനിർത്തി ഇത് പുതുക്കി പണിതിരുന്നു. പഴയ മര ഉരുപ്പടികൾ നിലനിർത്തി മുകളിൽ ഇരുമ്പ് കാലുകൾപാകി കെട്ടിടം ബലപ്പെടുത്തി. വയറിംഗുകളും പുതുക്കിയിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയാണ് പണി നടത്തിയത്.
അതുകൊണ്ടുതന്നെ ഷോർട് സർക്യൂട്ടല്ല എന്ന് ആദ്യം പോലീസും ഫയർഫോഴ്സും നിഗമനത്തിലെത്തിയിരുന്നു. പത്തുമണിയോടെ ഇലക്ട്രിക് വിദഗ്ധരും കെഎസ്ഇബി എൻജിനിയർമാരടങ്ങുന്ന ഉന്നത സംഘവും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയതോടെ ഷോർട് സർക്യൂട്ടല്ല തീപിടിത്തതിന് കാരണമെന്ന് സ്ഥിരീകരിച്ചിരുന്നു.