പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടി സി ബസുകളിൽ നിന്നും ടിക്കറ്റ് റാക്ക് മോഷണം പതിവാകുന്നു. ഒരു മാസത്തിനകം ആറ് ബസുകളിൽ നിന്നാണ് ടിക്കറ്റ് റാക്ക് മോഷ്ടിച്ചത്. വിദഗ്ദ സംഘമാണ് ഇതിന് പിന്നിൽ.
എല്ലാ മോഷണങ്ങളും തമ്പാനൂർ ബസ് സ്റ്റാൻഡിലാണ്. മാത്രമല്ല ഒരേ ശൈലിയിലുമാണ് മോഷണം. ബസ് സർവീസിനായി ബേയിൽ പിടിച്ചിട്ടശേഷം കണ്ടക്ടർ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ സമയം രേഖപ്പെടുത്താൻ പോയി തിരിച്ചു വരുന്നതിനിടയിലാണ് മോഷണം.
ടിക്കറ്റ് റാക്ക് നഷ്ടപ്പെട്ടാൽ വൻ തുകയാണ് കണ്ടക്ടർ കെഎസ്ആർടി സിക്ക് അടയ്ക്കേണ്ടി വരുന്നത്.ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം കിളിമാനൂർ ഡിപ്പോയിലെ കണ്ടക്ടർ സീമയുടെ റാക്കാണ് മോഷ്ടിച്ചത്.
റാക്ക് സൂക്ഷിച്ചിരുന്ന ബാഗിൽ ലൈസൻസ്, ആധാർ, പാൻ കാർഡ്, എടിഎം കാർഡ്, ഡ്യൂട്ടി പാസ് തുടങ്ങിയ വിലപ്പെട്ട രേഖകളുമുണ്ടായിരുന്നു.
കഴിഞ്ഞ 12-ന് ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ രാജലക്ഷ്മിയുടെയും ഏഴിന് എടത്വാ ഡിപ്പോയിലെ റെജിയുടെയും റാക്ക് സൂക്ഷിച്ചിരുന്ന ബാഗുകളാണ് മോഷ്ടിച്ചത്.
അതിന് തൊട്ടുമുമ്പുള്ള രണ്ടാഴ്ചകളിൽ മൂന്ന് കണ്ടക്ടർമാരുടെ റാക്കുകളടങ്ങിയ ബാഗുകൾ മോഷണം പോയിരുന്നു. ഒരു റാക്ക് നഷ്ടപ്പെട്ടാൽ ആറാക്കിലുണ്ടായിരുന്ന ടിക്കറ്റുകളുടെ മുഴുവൻ മൂല്യത്തിലുമുള്ള തുകയാണ് കണ്ടക്ടർ കെ എസ് ആർ ടി സി യ്ക്ക് നല്കേണ്ടി വരുന്നത്.