കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളം വരുത്തിയ വീഴ്ചയെ വിമര്‍ശിച്ച് സുപ്രീം കോടതി.
സുപ്രീം കോടതിയില്‍ നല്കിയ കണക്കനുസരിച്ചു ഗുജറാത്ത് സര്‍ക്കാര്‍ 24,000 കുടുംബങ്ങള്‍ക്ക് ഇതുവരെ കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്തു.
എന്നാല്‍, സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് മൂലം മരിച്ചത് 10,100 പേര് മാത്രമാണ്.
നഷ്ടപരിഹാരം തേടി 40,000 അപേക്ഷകള്‍ ലഭിച്ചുവെന്നാണു ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
അപേക്ഷകരുടെയും നഷ്ടപരിഹാരവിതരണത്തിന്റെയും എണ്ണം കൂടിയതനുസരിച്ച് ഔദ്യോഗിക മരണക്കണക്ക് ഇനിയും വര്‍ധിപ്പിച്ചിട്ടില്ല.
ഇതേസമയം കേരളത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പരിതാപകരമായ അവസ്ഥയാണ് കേരളത്തിലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
ഒരാഴ്ചക്കകം നഷ്ടപരിഹാരത്തിനായി ബന്ധുക്കള്‍ നല്കിയ അപേക്ഷകളിന്മേല് തീര്‍പ്പുകല്‍പ്പിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും സംസ്ഥാനത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് എം ആര് ഷാ അധ്യക്ഷനായുള്ള ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യത്ത് കോവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം.
ഇതുവരെ 40,000ലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ 548 പേര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കിയത്. ഇതാണ് സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് കാരണം.
നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളത്തിന്റെ അവസ്ഥ പരിതാപകരമാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ 10,777 ബന്ധുക്കളാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയത്. ഇതില്‍ 1948 പേരുടെ അപേക്ഷകളിന്മേല് മാത്രമാണ് തീര്‍പ്പുകല്‍പ്പിച്ചത്.
എന്നാല്‍ 548 പേര്‍ക്ക് മാത്രമാണ് 50000 രൂപയുടെ നഷ്ടപരിഹാരം നല്‍കിയത്. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്ന സംസ്ഥാന സര്‍ക്കാരിന്റെ മറുപടിയില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.
ഒരാഴ്ചക്കകം അപേക്ഷ നല്കിയ എല്ലാവര്ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വീഴ്ച സംഭവിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
അതേസമയം, 1.41 ലക്ഷം പേര് മരിച്ച മഹാരാഷ്ട്രയില്‍ 87,000 അപേക്ഷകള്‍ ലഭിച്ചു. ഇവിടെ നഷ്ടപരിഹാരം വിതരണം ചെയ്തത് 1658 പേര്‍ക്കു മാത്രമാണ്.
അര്‍ഹരായവര്‍ക്ക് 10 ദിവസത്തിനുള്ളില്‍ തുക നല്‍കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടു. 22,915 പേര് മരിച്ച ഉത്തര്‍പ്രദേശില്‍ ഏതാണ്ട് അത്ര തന്നെ അപേക്ഷ കിട്ടിയെന്നാണ് സംസ്ഥാനം അറിയിച്ചത്. ഇതില്‍ 20,060 പേര്‍ക്കു തുക നല്കി.
കേരളത്തില്‍ ഇതുവരെയുള്ള മരണം 44,189 ആണ്. ഇതില്‍ 10,777 പേരുടെ ബന്ധുക്കളാണ് സഹായത്തിനായി അപേക്ഷിച്ചത്. 548 പേര്‍ക്കു തുക നല്കി.
കോവിഡ് മരണത്തിനുള്ള നഷ്ടപരിഹാര കാര്യത്തിനു സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര പ്രചാരണം നല്‍കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.
നേരത്തേ പരസ്യം നല്കുന്നതില് വൈമുഖ്യം കാട്ടിയ ഗുജറാത്ത് സര്‍ക്കാര്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നു വ്യാപക പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ഈ രീതി കേരളവും പിന്തുടരണമെന്നും കോടതി ആവശ്യപ്പെട്ടു.