കൊച്ചി: വണ്ടിപ്പെരിയാര്‍ മയക്കുമരുന്നു കേസില്‍ ഇടപാടുകാരില്‍നിന്ന് വാങ്ങിയ കഞ്ചാവിന്റെ തുക അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരുന്നത് കൗസല്യ ടോമിയെന്ന ഇടുക്കി കട്ടപ്പന നെടുംപ്പുറത്ത് ടോമി അലക്സെന്ന് (52) എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
കേസിലെ മറ്റൊരു പ്രതിയായ കെണിയന്‍ ഷാജി എന്ന ഇടുക്കി ഉടുമ്പഞ്ചോല വടക്കേപുത്തന്‍പുരയ്ക്കല്‍ ഷാജി (54) നിര്‍ദേശിക്കുന്ന അക്കൗണ്ടുകളിലേക്കാണ് ടോമി പണം നിക്ഷേപിച്ചിരുന്നതെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 26-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 20 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും ആന്ധ്രയില്‍നിന്ന് കാറില്‍ കേരളത്തില്‍ എത്തിച്ച മൂന്നു യുവാക്കളെ കുമളി എക്സൈസ് സംഘം ചെക്ക് പോസ്റ്റില്‍ വച്ച് പിടികൂടിയിരുന്നു.
ഇതിന്റെ തുടര്‍ അന്വേഷണത്തിലാണ് ടോമിയും ഷാജിയും പിടിയിലായത്. സംഭവത്തിനുശേഷം ടോമി ഒളിവില്‍ പോയിരുന്നു. പ്രതിക്കെതിരേ എക്സൈസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മയക്കുമരുന്ന് ഇടപാടിലൂടെ നേടിയ പണമുപയോഗിച്ച് ടോമി അലക്സ് വാങ്ങിയ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിരുന്നു.
കട്ടപ്പന, കുമളി, കമ്പം, തേനി ഭാഗങ്ങളില്‍ ടോമിയുമായി നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഷാജി അറസ്റ്റിലായത്.
ആന്ധ്രയിലെ നരസിപ്പട്ടണത്തു കഞ്ചാവ് മൊത്ത കച്ചവടം നടത്തിയിരുന്ന ഷാജിയാണ് കേസിലെ മൂന്നും നാലും പ്രതികള്‍ക്ക് കഞ്ചാവ് കൈമാറിയത്.
ഒന്നാം പ്രതി റെനിയൊന്നിച്ച് കാറില്‍ കമ്പത്തെത്തിയ ടോമി രണ്ടും മൂന്നും പ്രതികളായ പ്രദീപ്, മഹേഷ് എന്നിവര്‍ ബസ് മാര്‍ഗമെത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലും ഏറ്റുവാങ്ങി കാറിലാക്കി ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികളുടെ പക്കല്‍ കാര്‍ ഏല്പിച്ച് കുമളി അണക്കരയിലുള്ള തന്റെ കടയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്നുള്ള യാത്രയിലാണ് കുമളി ചെക്ക് പോസ്റ്റില്‍ വച്ച് മൂന്നു പ്രതികള്‍ പിടിയിലായത്. ഇവർ റിമാന്‍ഡിലാണ്.
എക്സൈസ് അസി. കമ്മീഷണര്‍ ടി.എം. കാസിമിനെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍മാരായ എം.എ.കെ. ഫൈസല്‍, കെ. സാലിഹ്, എക്സൈസ് സിവില്‍ ഓഫീസര്‍ എം.പി. പ്രശോഭ്, ഡ്രൈവര്‍ എ. ഷിജു ജോര്‍ജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. തൊടുപുഴ എന്‍ഡിപി എസ് സ്പെഷല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.