പാന്പാടി: പാന്പാടിയിലും സമീപ പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ആളുകളെ ഭീതിയിലാഴ്ത്തുന്നതു കുറുവ സംഘമാണോ എന്ന സംശയത്തിലാണ് നാട്ടുകാർ.ഏതാനും ദിവസങ്ങളിലായി പ്രദേശത്ത് കള്ളൻമാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം വർധിച്ചിരിക്കുകയാണ്.
രാത്രിയിൽ അജ്ഞാത സംഘം നാട്ടുകാരെ കണ്ട് റബർ തോട്ടത്തിലേക്ക് ഓടി ഒളിച്ചിരുന്നു. ഇതോടെയാണ് എല്ലാവരും ആശങ്കയിലായത്.
പല സ്ഥലങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ അജ്ഞാതരെ കാണുന്നതു പതിവായതോടെ സന്ധ്യ കഴിഞ്ഞാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പലരും ഭയപ്പെടുകയാണ്.
ചെറുവള്ളിക്കാവിനു സമീപമുള്ള തിരുത്തിപ്പടി, ആലുങ്കൽ ഭാഗത്തു കൈയ്യിൽ വാക്കത്തിയുമായി രണ്ടംഗ സംഘത്തെ നാട്ടുകാർ കണ്ടിരുന്നു. ഒരാൾ മുഖത്ത് കരി തേച്ചിരുന്നതായും പറയുന്നു. ഷർട്ട് ധരിച്ചിരുന്നുമില്ല.
ആളുകളെ കൂട്ടി തെരച്ചിൽ നടത്തിയെങ്കിലും പിന്നീട് സംഘത്തെ കണ്ടില്ല. തെരച്ചിലിനു ശേഷം ചിലർ മടങ്ങുന്പോൾ അറയ്ക്കൽ കൊട്ടാരം ഭാഗത്തു വച്ച് വീണ്ടും ഈ രണ്ടംഗ സംഘത്തെ കണ്ടെങ്കിലും വീണ്ടും സംഘം ഓടിരക്ഷപ്പെട്ടു. വാഹനത്തിന്റെ വെളിച്ചം കണ്ടു കടന്നുകളയുകയായിരുന്നു.
പിന്നീട് പിറ്റേ ദിവസം ബൈക്കിലെത്തിയ യുവാവ് കുന്നേപ്പാലം, കിഴക്കേപ്പടി റോഡ് ഭാഗത്തു വച്ചും ഇത്തരത്തിൽ ഒരാളെ കണ്ടതായി പറഞ്ഞു. തുടർന്നു നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
ഇത്തരം സംഭവങ്ങൾ വ്യാപകമായതോടെ പോലീസും രാത്രികാലങ്ങളിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.നാട്ടുകാർ 50 പേരോളം സംഘടിച്ചു രാത്രികാല തെരച്ചിൽ നടത്തി. കൂരോപ്പടയ്ക്കു സമീപവും ഇത്തരത്തിൽ രണ്ട് അംഗ സംഘം നടന്നു പോകുന്നത് സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.
ലഹരി സംഘങ്ങൾ നാട്ടുകാരെ ഭയപ്പെടുത്തുന്നതിനും മുതലെടുപ്പിനും വേണ്ടി ഇത്തരം സംഭവങ്ങൾ മനപൂർവം സൃഷ്്ടിക്കുന്നതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
യുവാവിനെ ആക്രമിച്ചത് മോഷണസംഘം ?
രാത്രിയിൽ വീടിനു പുറത്തിറങ്ങിയ യുവാവിന്റെ കണ്ണിൽ മുളക് സ്പ്രേ അടിച്ചതും വീടിനു നേരെ ആക്രമണം നടത്തിയതും മോഷണ സംഘമാണെന്ന് സംശയം ബലപ്പെടുന്നു. പാന്പാടി വെള്ളൂർ എട്ടാം മൈലിൽ പടിഞ്ഞാറേക്കര അശ്വിൻ ഷാജിക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. കഴിഞ്ഞ രണ്ടുദിവസമായി വീടിനുനേരേ കല്ലേറുണ്ടായപ്പോൾ വീട്ടുകാർ പുറത്തിറങ്ങി നോക്കിയെങ്കിലും ആരെയും കണ്ടില്ല. ഇന്നലെ കുളിമുറിയുടെ ഭാഗത്തുനിന്നും അസാധരണ ശബ്ദം കേട്ട് അശ്വിൻ പുറത്തിറങ്ങുകയായിരുന്നു.
ഉടൻ അശ്വിന്റെ കണ്ണിലേക്ക് മുളക് സ്പ്രേ അടിച്ചശേഷം അക്രമികൾ ഓടിരക്ഷപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഈ സംഭവത്തിനു പിന്നിലും നാട്ടിൽ കറങ്ങി നടക്കുന്ന കുറുവാ സംഘമാണന്നാണ് നാട്ടുകാർ സംശയിക്കുന്നത്. വീടിനു പുറത്ത് പതിവില്ലാതെ ശബ്ദം കേട്ടാൽ സമീപവാസികളെ കൂടി അറിയിച്ചിട്ടേ പുറത്തിറങ്ങാവൂവെന്ന് പാന്പാടി എസ്എച്ച്ഒ യു. ശ്രീജിത്ത് മുന്നറിയിപ്പ് നൽകി. പരിക്കേറ്റ അശ്വിൻ ആശുപത്രിയിൽ ചികിത്സതേടി. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കി.