കൊച്ചി: വനിതാ അംഗങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരണം ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തി താരസംഘടനയായ അമ്മയുടെ നിയമാവലി പരിഷ്കരിച്ചതോടെ രേവതി ഉള്‍പ്പെടെയുള്ള നടിമാര്‍ തിരിച്ചുവന്നേക്കുമെന്നു സൂചന.
വനിതകളുടെ പരാതികള്‍ പരിഹരിക്കാന്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കലാണ് പ്രധാന ഭേദഗതി. അമ്മ നിര്‍വാഹക സമിതി അംഗമായിരിക്കും അധ്യക്ഷ. പുറത്തുനിന്ന് ഒരു ഉദ്യോഗസ്ഥയും കമ്മിറ്റി അംഗമാകും.
അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍തന്നെ സമിതി രൂപീകരിക്കും. സിനിമയിലെ വനിതകളുടെ കൂട്ടായ്മയുടെ ആവശ്യമായിരുന്നു സമിതി രൂപീകരണം. ഇതു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്തിയത്.
ലഹരിവസ്തുക്കള്‍, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയാല്‍ അംഗങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനും നിയമാവലിയില്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.
സാമൂഹ്യമാധ്യമങ്ങള്‍വഴി തെറ്റായ പ്രചരണം നടത്തുന്ന അംഗങ്ങള്‍ക്ക് താക്കീത് നല്‍കാനും ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കാനും നിര്‍വാഹക സമിതിക്ക് അധികാരമുണ്ട്.
അംഗങ്ങള്‍ക്ക് പുറമെ പൊതുസമൂഹത്തിന് കൂടുതല്‍ ക്ഷേമപരിപാടികള്‍ നടപ്പാക്കാനും തീരുമാനിച്ചതായി അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.