ശബരിമല: മണ്ഡലകാലം അവസാനിക്കാന്‍ ഒരാഴ്ച ശേഷിക്കേ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് 811235 അയ്യപ്പന്മാര്. ഇന്നലെ രാവിലെ വരെയുള്ള കണക്കാണിത്. ശനിയാഴ്ചയാണ് ഏറ്റവുമധികം ഭക്തര്‍ ദര്‍ശനത്തിനെത്തിയത്. 42870 അയ്യപ്പന്മാര് ദര്‍ശനം നടത്തി മടങ്ങി.
വാരാന്ത്യത്തില്‍ സാമാന്യം ഭേദപ്പെട്ട തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. അടുത്തയാഴ്ച വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരില്‍ ഭൂരിഭാഗവും ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.വെര്‍ച്വല്‍ ക്യൂ സംവിധാനം പ്രയോജനപ്പെടുത്തുന്നതിനാല്‍ മണിക്കൂറുകളുടെ കാത്തിരിപ്പില്ലാതെ തന്നെ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാകുന്നുണ്ട്.
തത്സമയ ബുക്കിംഗിലൂടെയും കൂടുതല്‍ ഭക്തര്‍ എത്തിച്ചേരുന്നുണ്ട്. മണ്ഡല പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 22ന് രാവിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.
25 ന് ഉച്ചയോടെ തങ്കയങ്കി ഘോഷയാത്ര പമ്പയിലെത്തും. വൈകുന്നേരം തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 26 ന് 11.50 നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ. രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കുന്നതോടെ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും.
പൂങ്കാവനം പ്ലാസ്റ്റിക് രഹിതമാക്കാന്‍ പുണ്യം പൂങ്കാവനം
ശബരിമല: ശുചീകരണവും ബോധവത്കരണ പരിപാടികളും കൊണ്ട് പുണ്യം പൂങ്കാവനം പദ്ധതി പരിസ്ഥിതി സൗഹൃദ തീര്‍ഥാടനം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു.
പ്ലാസ്റ്റിക് മാലിന്യം സന്നിധാനത്തും പമ്പയിലും എത്തുന്നത് പരമാവധി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സന്നിധാനത്ത് പുണ്യം പൂങ്കാവനം ചുമതലയിലുള്ള ഡിവൈഎസ്പി എം. രമേഷ് കുമാര്‍ പറഞ്ഞു. ഇരുമുടിക്കെട്ടിനുള്ളിലെ പ്ലാസ്റ്റിക് പൊതികള്‍ പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ പോലും മഞ്ഞള്‍പ്പൊടി, ഭസ്മം തുടങ്ങിയവയുടെ പ്ലാസ്റ്റിക് പായ്ക്കറ്റുകള്‍ ഒഴിവാക്കുന്നുണ്ട്. ശബരിമലയിലെത്തുന്ന അയ്യപ്പന്മാര് ഒരു മണിക്കൂര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക എന്ന സന്ദേശം പൊതുവില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
സന്നിധാനത്ത് ഡിവൈഎസ്പി എം. രമേഷ് കുമാര്‍, ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഗോപി, ആംഡ് സബ് ഇന്‍സ്പെക്ടര്‍ വി. അനില്‍ കുമാര്‍ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ, എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, അഖില ഭാരത അയ്യപ്പ സേവാസംഘം തുടങ്ങിയവരും എല്ലാദിവസവും നടക്കുന്ന ശുചീകരണത്തിന് നേതൃത്വം കൊടുക്കുന്നുണ്ട്.
കാട്ടാനശല്യം: പമ്പയില്‍ സുരക്ഷ ശക്തമാക്കി
പമ്പ: പമ്പ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് സമീപം ഇറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ബി. മണിക്കുട്ടനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
ശനിയാഴ്ച അര്‍ധരാത്രിയോടെ പ്ലാന്റിന് സമീപം കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മണിക്കുട്ടന് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തേയ്ക്ക് ചെല്ലുമ്പോഴാണ് ആന ആക്രമിക്കാന്‍ പാഞ്ഞടുത്തത്.
ഓടിരക്ഷപ്പെടുന്നതിനിടെ മണിക്കുട്ടന് അടിതെറ്റി താഴെ വീണെങ്കിലും ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഓടിമാറുകയായിരുന്നു.
വലതുകാലിന് പരിക്കേറ്റ ഇദ്ദേഹത്തെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോയി.