അതിരന്പുഴ: നാട്ടിലെന്പാടും അലഞ്ഞു തിരിയുന്ന നായ്ക്കൂട്ടങ്ങൾ. നായ ശല്യത്തിനു പിന്നിൽ ചില നായ സ്നേഹികളെന്ന് നാട്ടുകാർ.പൊതു സ്ഥലത്ത് നായ്ക്കൾക്ക് ചിലർ ഭക്ഷണം നൽകുന്നുണ്ട്. ഈ സ്ഥലങ്ങളിൽ തന്പടിക്കുന്ന നായ്ക്കൂട്ടങ്ങളാണ് നാട്ടുകാർക്ക് ശല്ല്യമാകുന്നത്.
സന്ധ്യയ്ക്കു ശേഷമാണ് ഇവർ ഇറച്ചിക്കടകളിൽ നിന്ന് സംഭരിക്കുന്ന മാംസാവശിഷ്ടങ്ങളും മറ്റും നായ്ക്കൾക്ക് നൽകുന്നത്. ഇവരെ കാത്ത് നായ്ക്കളുടെ വലിയ സംഘമാണ് ഇവിടങ്ങളിൽ കൂട്ടം കൂടുന്നത്.
ഈ നായ്ക്കൾ പ്രദേശം വിട്ടു പോകില്ല. കൂട്ടമായി അലഞ്ഞു തിരിയുന്ന ഇവ വാഹനങ്ങൾക്ക് കുറുകെ ചാടുകയും ഇരുചക്രവാഹനങ്ങൾക്കു നേരേ പാഞ്ഞടുക്കുകയും ചെയ്യും. ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് ഒട്ടേറെ അപകടം ഉണ്ടായിട്ടുണ്ട്.
രാത്രിയിൽ നായ്ക്കൾ പാഞ്ഞടുക്കുന്നത് കാണാൻ സാധിക്കാത്തതുമൂലവും അപകടമുണ്ടാകുന്നു.കാൽനടയാത്രക്കാർക്ക് വഴിനടപ്പ് പോലും അസാധ്യമാകുന്നു. കുട്ടികൾ ഭയപ്പെട്ട് ഓടി വീഴുന്നതും പതിവാണ്.
കൂട്ടമായി വീടുകളിലെത്തി വളർത്തുനായ്ക്കളെ ഇവ ആക്രമിക്കുകയും ചെയ്യുന്നു. പൊതുവഴിയിലും ആൾ സഞ്ചാരമുള്ളിടത്തും നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന നായ സ്നേഹികളെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്നുള്ളവർ അതിന് സുരക്ഷിതമായ സാഹചര്യം കണ്ടെത്തണമെന്നും നാട്ടുകാർക്ക് ശല്ല്യമാകാതെ നോക്കണമെന്നുമാണ് നാട്ടുകാർ പറയുന്നത്.