അഡ്ലെയ്ഡ്: പിങ്ക് (ഡേ-നൈറ്റ്) ടെസ്റ്റ് ആണെങ്കിൽ അതു കംഗാരുതന്നെ എന്നതിൽ ഇത്തവണയും മാറ്റമുണ്ടായില്ല. കളിച്ച എല്ലാ പിങ്ക് ടെസ്റ്റിലും ജയം എന്ന റിക്കാർഡ് തുടർന്ന് ഓസ്ട്രേലിയ.
ആഷസ് ക്രിക്കറ്റ് പരന്പരയിലെ രണ്ടാമത്തെ പോരാട്ടമായ പിങ്ക് ടെസ്റ്റിൽ ഓസ്ട്രേലിയ 275 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. പിങ്ക് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ വിജയകണക്ക് 9-0 ആയി.
രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം സമനിലയ്ക്കായി പൊരുതിയ ഇംഗ്ലണ്ടിന്റെ പ്രതിരോധം തകര്‍ത്ത് ഓസ്ട്രേലിയ ജയം സ്വന്തമാക്കുകയായിരുന്നു. ഓസീസ് പന്തേറുകാർക്കെതിരേ കടുത്ത പ്രതിരോധം തീര്‍ത്ത ജോസ് ബട്ലര് ഒമ്പതാമനായി പുറത്തായതോടെ ഓസ്ട്രേലിയ ജയം ഉറപ്പിച്ചു.
ഓസ്ട്രേലിയ മുന്നോട്ടുവച്ച 468 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 192നു പുറത്തായി, ഓസ്ട്രേലിയയ്ക്ക് 275 റണ്‍സിന്റെ വന്‍ ജയവും. സ്കോര്‍ ഓസ്ട്രേലിയ: 473/9 ഡിക്ല. 230/9 ഡിക്ല. ഇംഗ്ലണ്ട്: 236, 192. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും (103), രണ്ടാം ഇന്നിംഗ്സില്‍ അര്‍ധ സെഞ്ചുറിയും (51) നേടിയ മാര്‍നസ് ലബുഷെയ്നാണു പ്ലെയർ ഓഫ് ദ മാച്ച്.
നാലു വിക്കറ്റിന് 82 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗ് പുനരാംരംഭിച്ച ഇംഗ്ലണ്ടിന് ലഞ്ചിനു മുമ്പ് ബെന്‍ സ്റ്റോക്സ് (12), ഒലെ പോപ്പ് (4) എന്നിവരെ നഷ്ടമായതോടെ ആറിന് 105 എന്ന നിലയിലായി.
പിന്നീട് ഓസ്ട്രേലിയന്‍ പന്തേറുകാരുടെ ക്ഷമ പരീക്ഷിക്കുന്ന ഇന്നിംഗ്സ് ജോസ് ബട്ലറും ക്രിസ് വോക്സും കാഴ്ചവച്ചു. 190 പന്ത് തട്ടിമുട്ടി നിന്ന ഇരുവരും 61 റണ്‍സിന്റെ കൂട്ടുകെട്ടു സ്ഥാപിച്ചശേഷം പിരിഞ്ഞു. 97 പന്തില്‍ 44 റണ്‍സ് നേടിയ വോക്സിനെ ജേ റിച്ചാര്ഡ്സണ് ക്ലീന്‍ബൗള്‍ഡാക്കി.
ബട്ലര് തീര്‍ത്ത പ്രതിരോധത്തിനു ഒലെ റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരുടെ പിന്തുണകൂടി ലഭിച്ചതോടെ ഇംഗ്ലണ്ട് സമനില പ്രതീക്ഷിച്ചു. എന്നാല്‍, റോബിന്‍സണിനെ (39 പന്തില്‍ 8) നഥാന്‍ ലിയോണ്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ബട്ലര് ഹിറ്റ് വിക്കറ്റായതോടെ ഓസീസ് മത്സരം ഉറപ്പിച്ചു. 207 പന്തില്‍നിന്ന് 26 റണ്‍സാണു ബട്ലര് നേടിയത്.
റിച്ചാർഡ്സന് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിലാകെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ആറു ക്യാച്ചുകൾ എടുത്തു. നാലാം തവണയാണ് സ്മിത്ത് ഒരു ടെസ്റ്റിൽ ആറു ക്യാച്ചുകളെടുത്തത്.