പയ്യന്നൂർ: വാർധക്യത്തിന്റെ നിർവചനരേഖയിലൊതുങ്ങാത്ത മനസും വർണപ്പകിട്ടുള്ള ഓർമകളും ജീവിതയാത്രയിൽ മനസിൽ പതിഞ്ഞ ചിത്രങ്ങളും നോവലായി പകർത്തി വീട്ടമ്മ.
കാങ്കോൽ ശിവക്ഷേത്രത്തിനു സമീപത്തെ 81 കാരിയായ പി.എം. ശ്രീദേവിയമ്മയാണ് ജീവിതസായന്തനത്തിൽ സ്വന്തം ജീവിതാനുഭവങ്ങൾ കോർത്തിണക്കി “നിറഭേദങ്ങൾ”എന്നപേരിൽ നോവൽ എഴുതിയത്.
ഇതിന്റെ പ്രകാശനം ഇന്നു വൈകുന്നേരം ആറിന് കാങ്കോൽ ശിവക്ഷേത്ര മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ എൻ.ശശിധരൻ നിർവഹിക്കും.
കരിവെള്ളൂർ ജയദേവൻ പുസ്തകപരിചയം നടത്തും. ചലച്ചിത്ര അവാർഡ് ജേതാവ് ബാബു അന്നൂർ, സിനിമാ സംവി
ധായകൻ ശിവകുമാർ കാങ്കോൽ, നടനും ശില്പിയുമായ രഞ്ജി കാങ്കോൽ, രാജേഷ് ചൈത്രം എന്നിവരെ ചടങ്ങി
ൽ ആദരിക്കും. തുടർന്ന് കലാവിരുന്ന് നടക്കും. നോവൽ പുസ്തകമാക്കി പ്രകാശനത്തിനൊരുക്കുന്നത് കാങ്കോലിലെ ഗ്രാമം കലാ-സാംസ്കാരിക സംഘത്തിന്റെ പ്രവർത്തകരാണ്.
തന്റെ തൂലികത്തുമ്പിൽ വിരിഞ്ഞ നിറഭേദങ്ങളെപ്പറ്റി ശ്രീദേവിയമ്മ പറയുന്നതിങ്ങനെ.”പുസ്തകമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല.
ജീവിതത്തിൽ നേരിട്ടു കണ്ട അനുഭവങ്ങളാണ് നോവലിൽ പ്രതിപാദ്യവിഷയമായത്. ഒരാഴ്ച കൊണ്ടായിരുന്നു രചന.
എഴുതി മടുക്കുമ്പോഴും കൈയിൽ വേദന തോന്നുമ്പോഴും പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ മരുമകൾ തുടർന്നെഴുതി സഹായിക്കും.
വലിയൊരു തറവാട്ടിലെത്തിപ്പെടുന്ന ഹരിജൻ യുവതിക്കുണ്ടാക്കുന്ന കുട്ടി മദിരാശിയിലെത്തിപ്പെടുകയും ഐഎഎസ്കാരനാകുകയും ജീവിതത്തിന്റെ ഒഴുക്കിൽ അറിയാതെ തറവാട്ടിലെത്തിച്ചേരുകയും ചെയ്യുന്ന സംഭവങ്ങളാണ് നോവലിലെ പതിപാദ്യം.
ഗ്രാമീണ സൗന്ദര്യം കൂടുതലായി പകർത്താൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇതിനിടയിൽ കഥയുടെ ക്ലൈമാക്സ് കിട്ടിയതോടെ വേഗം പൂർത്തീകരിക്കുകയായിരുന്നു.
“ചോറും ചേത്റും’ എന്നായിരുന്നു ഞാനിട്ട പേര്. പക്ഷേ അത് ആളുകൾക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാകുമെന്നതിനാൽ ഗ്രാമം പ്രവർത്തകർ “നിറഭേദങ്ങ’ളെന്നാക്കുകയായിരുന്നു’-ശ്രീദേവിയമ്മ പറഞ്ഞു.
കണിക്കൊന്ന എന്ന ഗാനസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കണിക്കൊന്നയുടെ പേരില്‍ ദുബായ് റേഡിയോ ഏഷ്യയുടെ ആദരം നേടിയിട്ടുണ്ട്.
രയരപ്പന്‍ നമ്പ്യാര്‍-കല്യാണി പിള്ളയാതിരിയമ്മ ദമ്പതികളുടെ മകളായി കണ്ടങ്കാളിയിലാണ് ജനനം. 1956-ല്‍ പ്രതിരോധവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു പാലക്കാട്ടെ ആര്. ശങ്കരനാരായണനുമായി വിവാഹം.
തമിഴ്നാട്ടിലെ കോടമ്പാക്കം, ഗുജറാത്തിലെ ജാംനഗര്‍, ന്യൂഡല്‍ഹി, ഡെറാഡൂണ്‍, ബംഗളൂരു എന്നിവിടങ്ങളിലും 1987 മുതല്‍ കാങ്കോലിലും ദുബായിലുമായി ജീവിതം.
മക്കള്‍: ശശികല (മുംബൈ), സനല്‍കുമാര്‍(ദുബായ്), ശ്യാംകുമാര്‍(ദുബായ്). മരുമക്കള്‍: ജ്യോതി, സിനി, പരേതനായ പത്മനാഭന്.