ചേർപ്പ്: സ്ഥിരമായുള്ള കുടുംബവഴക്കും, പ്രണയവുമാണ് അതിഥിത്തൊഴിലാളിയുടെ കൊലപാതകത്തിനു കാരണമായത്.
വർഷങ്ങളായി ചേർപ്പിൽ താമസിക്കുന്ന മൺസൂറിനു സ്വർണപ്പണിയായിരുന്നു. നാട്ടിലെ സ്ഥലസംബന്ധമായുള്ള തർക്കത്തിന്റെ പേരു പറഞ്ഞും നിസാരകാര്യങ്ങൾക്കും ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കുന്ന ശീലക്കാരനായിരുന്നു ഇയാൾ.
ഇക്കാര്യങ്ങൾ സ്വർണപ്പണിക്ക് ഇവരുടെ സഹായിയായി നിന്നിരുന്ന ബീരുവുമായി രേഷ്മ പങ്കുവയ്ക്കുക പതിവായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള അടുപ്പത്തിനു കാരണമായി.
രണ്ടു വർഷമായി പ്രണയത്തിലാണെ ന്നാണു പ്രതികൾ പോലീസിനോടു പറഞ്ഞത്. ഒരു വർഷം മുന്പുമുതൽ മൺസൂറിനെ ഒഴിവാക്കി കുട്ടികളോടൊപ്പം എവിടെയെങ്കിലും പോയി താമസിക്കുവാൻ തീരുമാനമെടുത്തിരുന്നു.
എന്നാൽ, മക്കൾ ചേർപ്പിൽതന്നെ പഠിച്ചിരുന്നതാണ് തീരുമാനം കുറച്ചുകാലത്തേക്കു നീട്ടിക്കൊണ്ടുപോവാൻ കാരണമായതത്രെ.
താമസസ്ഥലത്തോടു ചേർന്നുതന്നെ മൃതശരീരത്തിന്റെ സാന്നിധ്യം പ്രതികളുടെ മനസിനെ ഉലച്ചുകളഞ്ഞതായി ചോദ്യംചെയ്യലിൽ ഇരുവരും അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു.
മൊഴികൾ മാറ്റിപ്പറഞ്ഞ് പ്രതികൾ
ചോദ്യം ചെയ്യലിൽ പരസ്പരം രക്ഷിക്കാൻ മൊഴികൾ പലതവണ മാറ്റിപ്പറഞ്ഞ് പ്രതികൾ ശ്രമിച്ചെന്നു പോലീസ്.
എല്ലാം ക്ഷമയോടെ കേട്ടിരുന്ന ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ.തോമസും ഇൻസ് പെക്ടർ ടി.വി. ഷിബുവും സംഘവും ഇരുവരെയും മാറ്റിയിരുത്തി ചോദിച്ചതോടെ പൊട്ടിക്കരഞ്ഞുകൊണ്ട് യഥാർത്ഥ സംഭവങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
12 നു രാത്രി കള്ളു വാങ്ങിയെത്തിയ ബീരു മുൻപേ കണക്കുകൂട്ടിയിരുന്നപോലെ കൂടുതൽ കള്ള് മൺസൂർ മാലിക്കിനു കുടിക്കാൻ കൊടുത്തു. മുകളിലെ മുറിയിലിരുന്നായിരുന്നു മദ്യപാനം.
ഈ സമയം മൺസൂറിന്റെ ഭാര്യ കുട്ടികൾക്കു ഭക്ഷണം കൊടുത്ത് നേരത്തേ ഉറക്കുവാനുള്ള തിരക്കിലായിരുന്നു. മദ്യലഹരിയിൽ മൺസൂർ ബെഡിൽ കിടന്നതോടെ ബീരു താഴേക്ക് ഇറങ്ങിവന്നു.
പിന്നീട് മുകളിലെത്തിയ രേഷ്മ ഭർത്താവ് ഗാഢനിദ്രയിലായതോടെ താഴെയെത്തി ബീരുവിനോടു വിവരം പറഞ്ഞു.
തുടർന്നാണ് നേരത്തേ കരുതിവച്ചിരുന്ന കന്പിപ്പാരയുമായെത്തി ബീരു ഉറങ്ങിക്കിടക്കുകയായിരുന്ന മൺസൂറിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത്.
മരണം ഉറപ്പാക്കിയ ഇരുവരും മൃതദേഹം കന്പിളിയിൽ പൊതിഞ്ഞ് തൊട്ടടുത്ത റൂമിലെ കുളിമുറിയിലേക്കു മാറ്റി മുറിയടച്ചു. നേരം പുലരുമോ എന്ന ഭയത്താൽ മൃതദേഹം മറവു ചെയ്യുന്നതു തിങ്കളാഴ്ച രാത്രിയിലേക്കു മാറ്റിവച്ചു.
തിങ്കളാഴ്ച കുട്ടികൾക്കും അയൽപക്കക്കാർക്കും സംശയം ഇല്ലാത്ത രീതിയിൽ പെരുമാറി. തിങ്കളാഴ്ച രാത്രിയോടെ വീടിന്റെ പിറകുവശത്തു ചപ്പുചവറുകൾ കൂട്ടിയിടുന്നയിടത്തു കുഴിയെടുത്തു മൃതദേഹം കുഴിച്ചിട്ടു.
ദിവസങ്ങൾ കഴിഞ്ഞതോടെ വീടിനടുത്തുതന്നെ മൃതദേഹത്തിന്റെ സാന്നിധ്യം കൊലയാളികളിൽ അസ്വസ്ഥത ഉണ്ടാക്കി.
തുടർന്ന് ഞായറാഴ്ച ഭർത്താവിനെ കാണാനില്ല എന്നു പറഞ്ഞ് രേഷ്മയും കാമുകനും കൂടി ചേർപ്പ് സ്റ്റേഷനിലെത്തി പരാതി നൽകി.
സ്റ്റേഷനിൽനിന്നു തിരിച്ചെത്തിയപ്പോൾ ഇവരുടെ സുഹൃത്ത് മൺസൂറിനെ അന്വേഷിച്ചെത്തി. എന്നാൽ ഇയാളോട് മൺസൂർ നാട്ടിൽ പോയെന്നാണു രേഷ്മ പറഞ്ഞത്.
പിന്നീട് പോലീസ് ചോദിച്ചപ്പോൾ കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും ഭർത്താവുമായി വഴക്കിടുന്നതിനിടെ തന്നെ അടിക്കാൻ എടുത്ത കന്പിപ്പാര പിടിച്ചുവാങ്ങി അടിച്ചപ്പോൾ ഭർത്താവ് മരിച്ചു എന്നായിരുന്നു രേഷ്മയുടെ മൊഴി.
“മുകളിലെ റൂമിൽ പോയാൽ പപ്പ തല്ലും’
മുകൾനിലയിൽ കൊലപാതകം നടക്കുന്പോൾ താഴെ റൂമിൽ കുട്ടികൾ നല്ല ഉറക്കത്തിലായിരുന്നു.
രാവിലെ പപ്പയെ അന്വേഷിച്ചപ്പോൾ പുലർച്ചെ കൂട്ടുകാരന്റെ ബൈക്കിൽ കയറി പപ്പ നാട്ടിൽ പോയെന്നു കുട്ടികളോട് പറഞ്ഞ രേഷ്മ, പപ്പയുടെ മുകളിലെ റൂമിൽ പോയാൽ പപ്പ തല്ലുമെന്നു പറഞ്ഞ് ഭയപ്പെടുത്തി.
സംഭവങ്ങൾ ഒന്നും അറിയാതെ നിഷ്കളങ്കമായി സംസാരിച്ച കുട്ടികളുടെ മുഖം പോലീസ് ഉദ്യോഗസ്ഥരുടെ പോലും കണ്ണുകൾ നനയിച്ചു.
എസ്ഐ പി.ജി.അനൂപ്, പി.ജെ. ഫ്രാൻസിസ്, ടി.ജി. ദിലീപ്കുമാർ. കെ.കെ. ഉണ്ണികൃഷ്ണൻ,എഎസ്ഐമാരായ വിനോദ്, കെ.എ. മുഹമ്മദ് അഷ്റഫ്, എ. സുമൽ, കെ.പി. രാജു, സീനിയർ സിപിഒമാരായ സഫീർ ബാബു, ഇ.എസ്. ജീവൻ, സിപിഒമാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.