ബ്രസല്‍സ്:കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം യൂറോപ്പില്‍ മിന്നല്‍വേഗത്തില്‍ പടരുന്നതായി റിപ്പോര്‍ട്ട്.
ജനുവരിയോടെ ഫ്രാന്‍സില്‍ ഒമിക്രോണ്‍ ബാധ മൂര്‍ധന്യത്തിലെത്തുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജൂന്‍ കാസ്റെറക്സ് പറഞ്ഞു.
അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അയര്‍ലന്‍ഡില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നില്‍ ഒന്നുകേസും ഒമിക്രോണ്‍ ആണ്. ഇറ്റലി, ഗ്രീസ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേരത്തെതന്നെ നിര്‍ബന്ധമാക്കിയിരുന്നു.
വിനോദസഞ്ചാരികള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി ബ്രിട്ടനില്‍നിന്നും രാജ്യത്തേക്ക് വരുന്നതിന് ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ശൈത്യത്തിന്റെ കാഠിന്യത്തില്‍ ശ്വാസംമുട്ടുന്ന യൂറോപ്യന്‍ ജനത കൊറോണയുടെയും പുതിയ വേരിയന്റിന്റെയും വ്യാപനത്തില്‍ മരണാശങ്കയില്‍ കഴിയുമ്പോള്‍ വാക്സിന് വിരുദ്ധരും ലോക്ഡൗണ്‍ വിരുദ്ധവാദികളും കൂടി തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോള്‍ യൂറോപ്പിനെ പട്ടടയിലേയ്ക്കു നയിക്കുന്നുവെന്ന് യൂറോപ്യന്‍ ജനതയും രാഷ്ട്രത്തലവന്മാരും നേതാക്കളും സാക്ഷ്യപ്പെടുത്തുന്നത്.
ഒമിക്രോണ്‍ വകഭേദം രാജ്യഭേദമില്ലാതെ മനുഷ്യരില്‍ പ്രായഭേദമില്ലാതെ പടര്‍ന്നുപന്തലിച്ച് യൂറോപ്യന്‍ വന്‍കരയെ വിഴുങ്ങുമ്പോള്‍ മാഹാമാരിയെ പിടിച്ചു നിര്‍ത്താന്‍ ഭരണകൂടങ്ങളെടുക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ പുല്ലുവില കല്‍പ്പിച്ച് തെരുവിലറുന്ന അവസരവാദികളുടെ ചേഷ്ടകള്‍ക്കു മുന്നില്‍ സര്‍ക്കാരുകള്‍ പകച്ചു നില്‍ക്കുകയാണ്.ജര്‍മനി, ബല്‍ജിയം, ഓസ്ട്രിയ, ബ്രിട്ടന്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ നിയന്ത്രണ വിരുദ്ധരുടെ പ്രകടനങ്ങള്‍ക്കും, പ്രതിഷേധത്തില്‍ ആക്കം കൂടുകയാണ്.
ഇത്തരക്കാരുടെമേല്‍ കരിനിയമം ഏര്‍പ്പെടുത്താന്‍ ചിലപ്പോള്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതമായേക്കും. പല യൂറോപ്യന്‍ രാജ്യങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഓമിക്രോണ്‍ ഭൂഖണ്ഡമാകെ വ്യാപിക്കുകയാണ്.
ഈ ക്രിസ്ത്മസ്സ് സീസണില്‍ ഒരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കുവാനുള്ള ബദ്ധപ്പാടിലാണ് മിക്ക സര്‍ക്കാരുകളും.
യൂറോപ്പില്‍ ആദ്യമായി കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ രാജ്യമായിരുന്നു ഡെന്മാര്ക്ക്. നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് മാറിയിരിക്കുകയാണ് രാജ്യം.
സിനിമാ ശാലകള്‍ ഉള്‍പ്പടെ എല്ലാ പൊതുവേദികളും അടച്ചുപൂട്ടിയ സാഹചര്യത്തില്‍ സമ്പൂര്‍ണലോക്ക്ഡൗണ്‍ നടപ്പിലാക്കുകയാണ് ഡെന്മാര്ക്ക്.
എന്നാല്‍ ഓമിക്രോണിന്റെ വ്യാപനം വീണ്ടും കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്.
ബെല്‍ജിയത്തിലാണെങ്കില്‍, പുതിയതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ ജനരോഷം അണപൊട്ടി. ബ്രസ്സല്‍സില്‍ നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തു.
ബല്‍ജിയത്തില്‍ മിക്കയിടങ്ങളിലും വര്‍ക്ക് ഫ്രം ഹോം നിലവില്‍ വന്നു.
ബ്രിട്ടനിലെ ഒമിക്രോണ്‍ വ്യാപനം അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയായ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രിയ, ചെക് റിപ്പബ്ളിക്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ നിരോധിച്ചിരിക്കയാണ്.
ബ്രിട്ടനിലുള്ള സ്വന്തം പൗരന്മാര്ക്കു മാത്രമാണ് അതാതു രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
കര്‍ശന നിയന്ത്രണങ്ങളുമായി അയര്‍ലന്‍ഡും രംഗത്തുണ്ട്.
അയര്‍ലന്‍ഡില്‍, ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഡിസംബര്‍ 20 മുതല്‍ 8 മണി കര്‍ഫ്യൂ നിലവില്‍ വന്നു.സിനിമാ ഹോളുകള്‍, തീയറ്ററുകള്‍ തുടങ്ങിയവയ്ക്കും ഇത് ബാധകമായിരിക്കും.
ജനുവരി 30 വരെയാണ് കര്‍ഫ്യൂ നിലനില്‍ക്കുന്നത്. എന്നാലും രാജ്യത്തെ നിജസ്ഥിതി മനസിലാക്കി ക്രമമായ ഇടവേളകളില്‍ ഇത് പുനപരിശോധിക്കുമെന്നും ഭരണകൂടം അറിയിച്ചു.
പോര്‍ച്ചുഗല്‍ സര്‍ക്കാരും റെസ്റേറാറന്റുകളിലും സിനിമാ ശാലകളിലും പ്രവേശന നിയന്ത്രണമേര്‍പ്പെടുത്തി.
കോവിഡ് വ്യാപനത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പോര്‍ച്ചുഗലും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാക്കി. ഇതിനിടെ കൊറോണ പൊതുതിയ്ക്കായി ജര്‍മനിയുടെ സഹായവും സ്വീകരിച്ചു.
പോളണ്ടിലും കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്.രാജ്യത്തെ രോഗവ്യാപനം വര്‍ദ്ധിച്ചതോടെ നിശാക്ളബ്ബുകള്‍ അടച്ചിടാന്‍ ഉത്തരവായി.
എങ്കിലും പുതുവത്സരാഘോഷങ്ങള്‍ക്കായി ഡിസംബര്‍ 31 നും ജനുവരി 1 നും നിശാക്ളബ്ബുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ ഇളവു നല്‍കിയിട്ടുണ്ട്.
സ്പെയിനില്‍ വാക്സിന് എടുക്കാത്തവര്‍ക്ക് ബാറിലും റെസ്റേറാറന്റിലും പ്രവേശനം നിഷേധിിരിക്കയാണ്.
പ്രതിഷേധങ്ങളും പക്ഷോഭങ്ങളും നടക്കുന്നുണ്ടെങ്കിലും ഇതൊന്നും കൂട്ടാക്കാതെ നിബന്ധന സര്‍ക്കാര്‍ കടുപ്പിച്ചു.പൊതുഇടങ്ങളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ കോവിഡ് പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ശനിയാഴ്ച മുതല്‍ നെതര്‍ലന്‍ഡ്സിലെ അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകളെല്ലാം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ജനുവരി 14 വരെയായിരിക്കും ഈ നിരോധനം. നോര്‍വേ സര്‍ക്കാര്‍ ഷോപ്പുകളീല്‍ പോലും മദ്യം വിളമ്പുന്നത് നിരോധിച്ചു.
സ്വിറ്റ്സര്‍ലന്‍ഡിലും ഇറ്റലിയിലും കോവിഡ് പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓസ്ട്രിയയില്‍ റസ്റെറാറന്റുകള് ബാറുകള്‍ തുടങ്ങിയവയ്ക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൈപ്രസ്സും മറ്റുരാജ്യങ്ങളുടെ പാത പിന്തുടര്ന്ന് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി,
ക്രിസ്മസിനു മുമ്പേ രാജ്യം നിയന്ത്രണത്തിലേക്കു പോകാനുള്ള സാധ്യത തള്ളാതെ ബ്രിട്ടീഷ് സര്‍ക്കാര്‍. ജനുവരി പകുതിയോടെ യൂറോപ്പില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ ആധിപത്യമുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന് മേധാവി ഉര്‍സുല ഫന് ദേര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
ആവശ്യമെങ്കില്‍ ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കോവിഡിനെ തടയുന്നതില്‍ ബോറിസ് ജോണ്സണ് സര്‍ക്കാര്‍ ദുര്‍ബലമല്ലെന്നും ആരോഗ്യ മന്ത്രി സാജിദ് ജാവിദ് പറഞ്ഞു.
കോവിഡ് തടയുന്നതില്‍ ബോറിസ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള, യാത്രവിലക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ബ്രിട്ടനും ചേര്‍ന്നു. ഡെന്മാര്ക്, ഫ്രാന്‍സ്, നോര്‍വേ, ലബനാന് എന്നിവയെയും ജര്‍മനി അതി ജാഗ്രതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവിടെനിന്നുള്ളവര്‍ക്കും യാത്ര നിയന്ത്രണമുണ്ട്.
ജര്‍മനിയിലെ കാര്യമെടുത്താല്‍ ക്രിസ്മസിന് മുമ്പ് ലോക്ക്ഡൗണ്‍ ഇല്ല എന്നാണ് ആരോഗ്യമന്ത്രി പ്രഫ.ഡോ.കാള്‍ ലൗട്ടര്‍ബാഹ് വെളിപ്പെടുത്തിയത്.
രാജ്യത്തെ കൊറോണ അപകടത്തെ വിലയിരുത്തുമ്പോള്‍ ലോക്ഡണ്‍ ഇല്ലാതെ സമ്പര്‍ക്ക സാദ്ധ്യത ഏറെ നിയന്ത്രിച്ചുകൊണ്ട് ഒമിക്രോണ്‍ ഉള്‍പ്പെടുന്ന പകര്‍ച്ചവ്യാധിയെ പ്രതിരോധിയ്ക്കണം എന്നാണ് ഫെഡറല്‍ ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്.
ക്രിസ്മസ് സീസണിന് ശേഷം എന്ത് സംഭവിക്കുമെന്ന് ചോദിച്ചപ്പോള്‍, കടുത്ത ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല.
“അതിനുള്ള സാധ്യതയില്ല, പക്ഷേ ഒന്നും തള്ളിക്കളയാന്‍ ആഗ്രഹിക്കുന്നില്ല എന്നും മന്ത്രി പറഞ്ഞു. കഴിയുന്നത്ര വേഗത്തില്‍ ഒരു ബൂസ്ററര്‍ കാമ്പെയ്ന് ഓമിക്കോണുകള്ക്കെതിരായ പോരാട്ടത്തിന്റെ ഒരു പ്രധാന ഘടകമായിരിക്കുമെന്നും, ലൗട്ടര്‍ബാഹ് പറഞ്ഞു.
കൊറോണ പ്രതിസന്ധിയിലെ നിലവിലെ സാഹചര്യത്തെ ജര്‍മ്മനി എങ്ങനെ നേരിടും എന്നതിനുള്ള ഒരു പദ്ധതിയിലാണ് ഫെഡറല്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഫെഡറല്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് രൂപീകരിച്ച 19 അംഗ വിദഗ്ധ സമിതിയുടെ വിലയിരുത്തലില്‍ പുതിയ അണുബാധകളില്‍ പകുതിയിലധികവും ഒമിക്രോണിന്റെ അക്കൗണ്ടിലുള്ള ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നുള്ള ഡാറ്റയും ഈ തന്ത്രത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നതായും പറയുന്നു.
ജര്‍മ്മന്‍ സര്‍ക്കാര്‍ ഉപദേശക സമിതി ഒമൈക്രോണിനെതിരെ പോരാടുന്നതിന് പുതിയ കോവിഡ് നടപടികളോട് അനുകൂലിക്കുകയാണ്.
രണ്ടോ നാലോ ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിയാകുന്നതോടെ ഈ വേരിയന്റ് ഒരു “സ്ഫോടനാത്മകമായ വ്യാപന’ത്തിലേക്ക് നയിച്ചേക്കാം, എന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.
ഇതുസംബന്ധിച്ച കൂടുതല്‍ വ്യക്തത ചൊവ്വാഴ്ച 16 മുഖ്യമന്ത്രിമാരുമായി നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം പ്രഖ്യാപിയ്ക്കുമെന്നാണ് സര്‍ക്കാര്‍ വക്താവ് അറിയിച്ചത്.
വാക്സിന് എടുക്കാത്തവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി ജര്‍മ്മനി
ജര്‍മ്മനിയിലും ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഡിസംബര്‍ 19 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.
ജര്‍മ്മന്‍ പൗരന്മാരോ ജര്‍മ്മനിയില്‍ പെര്‍മെനന്റ് റെസിഡന്റ് പെര്‍മിറ്റ് ഉള്ളവരോ അല്ലാതെ മറ്റാര്‍ക്കും ബ്രിട്ടനില്‍ നിന്നും ജര്‍മ്മനിയില്‍ പ്രവേശിക്കാനാകില്ല.
സമ്പൂര്‍ണ്ണ വാക്സിന് എടുത്തവര്‍ക്കും ഈ നിരോധനം ബാധകമാണ്. മാത്രമല്ല, ജര്‍മ്മനിയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും നെഗറ്റീവ് പി സി ആര് ടെസ്റ്റ് റിപ്പോര്‍ട്ട് കൈയ്യില്‍ കരുതണം. ജനുവരി 3 വരെയാണ് ഈ നിയന്ത്രണങ്ങള്‍ക്ക് പ്രാബല്യം.
അതേസമയം മറ്റു രാജ്യങ്ങളില്‍ നിന്നും ജര്‍മ്മനിയിലെത്തുന്നവര്‍ രണ്ട് ഡോസ് വാക്സിന് എടുക്കാത്തവരോ കോവിഡ് വന്ന് സുഖപ്പെട്ടവരോ അല്ലെങ്കില്‍ ഇവിടെയെത്തിയാല്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകണം.
ശനിയാഴ്ച 42,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഞായറാഴ്ച രാജ്യത്തെ പുതിയ അണുബാധകരുടെ എണ്ണം 16,086. ഉം, ആശുപത്രി സംഭവ മൂല്യം 4.73 ഉം, ഇന്‍സിഡെന്‍സ് റേറ്റ് 316.024 മണിക്കൂറിലെ മരണങ്ങള്: 119 ആയും റിപ്പോര്‍ട്ടുചെയ്തു.
ജോസ് കുമ്പിളുവേലില്‍