കോട്ടയം: കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് പിടിയിലായ കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് എൻവയണ്മെന്റൽ എൻജിനിയർ എ.എം.ഹാരീസിനെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നു.
പിടിയിലായതിനുശേഷം ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് രൂപയും മറ്റു സ്വത്ത് വിവരങ്ങളും വിജിലൻസ് കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെ തിരുവനന്തപുരത്തെ മലിനീകരണ നിയന്ത്രണ ബോർഡ് ഒാഫീസിലെ എൻജിനിയർ ജോസ്മോന്റെ വീട്ടിലും വിജിലൻസ് റെയ്ഡ്് നടത്തിയിരുന്നു.
ഇയാൾക്കും ലക്ഷക്കണക്കിനു രൂപയുടെ സന്പാദ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഇരുവർക്കും അനധികൃത സ്വത്ത് സന്പാദ്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
ഇതോടെ വിജിലൻസിന്റെ സ്പെഷൽ സെല്ല് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
ഹാരീസിനെതിരെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചതായാണ് സൂചന.
ഹാരീസ് റെഡ്സോണിലാക്കി കുരുക്കിയിട്ടിരുന്ന പരാതിക്കാരന്റെ മുഴുവൻ ഫയലുകളും തീർപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനു പുറമേ കഴിഞ്ഞ ജൂണ്‍ 17ന് എംസി റോഡിൽ ഹാരീസിന്റെ ഒൗദ്യോഗിക വാഹനമിടിച്ചു വഴിയാത്രക്കാരനായ പട്ടിത്താനം കൊടികുത്തിയേൽ കെ.ആർ.രാജീവ് മോൻ (30) മരിച്ചിരുന്നു.
ഇടിച്ചശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിലെ താത്ക്കാലിക ഡ്രൈവർ ആർപ്പൂക്കര പനന്പാലം അങ്ങാടി സ്വദേശിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.
ഓഫീസ് ജീപ്പ് അനധികൃതമായി ഉപയോഗിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.