കോട്ടയം: കോട്ടയത്ത് കാറിൽ കടത്തുകയായിരുന്നു 10 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങൾ ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ചിങ്ങവനം പോലീസും ചേർന്നു പിടികൂടി.
പാലക്കാട് പട്ടാന്പി, വെല്ലപ്പുഴ, പുത്തൻ പീടിയേക്കൽ സൈനുൽ ആബിദ് (24), ഒറ്റപ്പാലം കടന്പഴിപ്പുറം പാലയ്ക്കൽ റിയാസ് (34) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി 10നു മണിപ്പുഴ ഈരയിൽക്കടവ് ബൈപ്പാസിലായിരുന്നു ലഹരിവേട്ട. ക്രിസ്മസ് ന്യുഇയർ ആഘോഷങ്ങൾക്കായി വൻതോതിൽ നിരോധിക പുകയില ഉല്പന്നങ്ങൾ ജില്ലയിലേക്കു എത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് ചീഫ് ഡി. ശില്പ, നാർകോട്ടിംക് സെൽ ഡിവൈഎസ്പി എന്നിവരുടെ നിർദേശാനുസരണം ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ദിവസങ്ങളായി വിവിധ സ്ഥലങ്ങളിൽ വാഹന പരിശോധനയുമായി റോഡിലുണ്ടായിരുന്നു.
ഇന്നലെ പരിശോധന നടത്തുന്നതിനിടയിലാണ് ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസ് റോഡിലുടെ എത്തിയ മാരുതി ബെലോന കാറിനു കൈകാണിച്ചു വിവരങ്ങൾ തിരക്കിയത്. ഇവരുടെ സംസാരത്തിൽ പൊരുത്തക്കേട് തോന്നിയതോടെ പോലീസ് കാർ പരിശോധിക്കുകയായിരുന്നു.
ഇതോടെ കാറിന്റെ ഡിക്കിയിൽ ചാക്കുകളിൽകെട്ടി സൂക്ഷിച്ചിരുന്നു ആറു ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്പന്നങ്ങൾ കണ്ടെത്തിയത്.
ജില്ലയിലുടെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് നിരോധിത പുകയില ഉല്പന്നങ്ങൾ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ചിങ്ങവനം എസ്എച്ച്ഒ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിൽ എസ്ഐ ജോണ്സണ് ആന്റണി, എഎസ്ഐ രവീന്ദ്രൻ, സിപിഒ ജോജി, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. സജീവ് ചന്ദ്രൻ, ശ്രീജിത്ത്. ബി. നായർ, തോംസണ്. കെ. മാത്യു, അജയകുമാർ, എസ്. അരുണ്, വി.കെ. അനീഷ്, പി.എം. ഷിബു, ഷമീർ സമദ് എന്നിവർ ചേർന്നാണ്് പ്രതികളെ പിടികൂടിയത്.