കൊച്ചി: വൈറ്റില പുതിയ റോഡില്‍ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെന്പോ ട്രാവലര്‍ ചരക്കു ലോറിയില്‍ ഇടിച്ചു കയറി പത്തു പേര്‍ക്ക് പരിക്ക്.
ഇന്നു പുലര്‍ച്ചെ പന്ത്രണ്ടിനായിരുന്നു സംഭവം. ലോറിയില്‍ ഇടിച്ചു കയറിയ ട്രാവലറില്‍ ഉണ്ടായിരുന്ന അയ്യപ്പ ഭക്തരെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്.
പരിക്കേറ്റ രണ്ടു കുട്ടികള്‍ അടക്കം പത്തുപേരെ ആദ്യം പാലാരിവട്ടം മെഡിക്കല്‍ സെന്ററിലാണ് പ്രവേശിപ്പിച്ചത്. ഇതില്‍ ഡ്രൈവര്‍ അടക്കം നാലുപേരെ വിദഗ്ധ ചികിത്സയ്ക്കായി ആസ്റ്റര്മെഡ്സിറ്റിയിലേക്ക് മാറ്റി.
ഡ്രൈവറുടെ കാലിന് സാരമായ പരിക്കുണ്ട്. അഭിലാഷ്(11), ഉദയ്(28), സെന്തില്‍(30), ഗോവിന്ദന്(30) എന്നിവരെയാണ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
പാലാരിവട്ടം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചവരുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ആശുപത്രി വിട്ടു. 16 പേരാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്.
വാഹനത്തിന്റെ മുൻനിരയിലെ സീറ്റുകള്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. പാലാരിവട്ടം പോലീസും ഫര് ഫോഴ്സ് ഉദ്യോഗസ്ഥരും എത്തി ട്രാവലറിന്റെ മുന്നിലത്തെ വശങ്ങള് മുറിച്ചുമാറ്റിയാണ് യാത്രക്കാരെ പുറത്തെടുത്തത്.
തമിഴ്നാട് വില്ലുപുരത്തിനു സമീപം കല്ലകുറിച്ചിയില്‍ നിന്നുള്ളവരാണ് തീര്‍ഥാടക സംഘത്തിലുള്ളത്.
ഇവര്‍ ആന്ധ്രയിലെ ജോലി സ്ഥലത്തുനിന്ന് 19-നാണ് ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടത്. വാഹനങ്ങള്‍ രണ്ടും വൈറ്റില ഭാഗത്തേക്ക് പോകുകയായിരുന്നു. ഗോവയില്‍ നിന്ന് ഗ്ലൂക്കോസ് ലോഡുമായി എത്തിയതായിരുന്നു ചരക്കു ലോറി.
പുതിയ റോഡിലേക്കു തിരിയാനായി ലോറി വേഗം കുറച്ചപ്പോള്‍ ട്രാവലര്‍ ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു.