വടക്കഞ്ചേരി : വടക്കഞ്ചേരിയിലും ഇലക്ട്രിക് മിനി സ്കൂട്ടറെത്തി. ടൗണിൽ ഷാ ടവറിൽ മൊബൈൽ കട നടത്തുന്ന റഫീക്കാണ് ഇതിന്റെ ഉടമ. ഹൈദരാബാദിൽ നിന്നാണ് മിനി സ്കൂട്ടർ ബുക്ക് ചെയ്ത് എത്തിച്ചത്.
28,000 രൂപയാണ് വില. ഫുൾ ചാർജ് ചെയ്താൽ 45 കിലോമീറ്റർ യാത്ര ചെയ്യാം. മൂന്ന് മണിക്കൂർ കൊണ്ട് ചാർജാകും.
250 വാട്ട്സിന്റെ മോട്ടോർ ആയതിനാൽ രജിസ്ട്രേഷൻ തുടങ്ങിയ നടപടികളൊന്നും ഇതിന് ആവശ്യമില്ല.
ഗൾഫ് രാജ്യങ്ങളിലൊക്കെ ഇത്തരം സ്കൂട്ടറുകൾ വ്യാപകമാണെങ്കിലും നമ്മുടെ നാട്ടിൽ ഇത് അപൂർവമാണ്.ഇതുകൊണ്ടു തന്നെ കൗതുകവണ്ടി കാണാനും കാര്യങ്ങളറിയാനും നിരവധി പേർ തന്നെ സമീപിക്കുന്നതായി റഫീക് പറഞ്ഞു.
കുട്ടികളുടെ കളി സൈക്കിളിന്റെ വലിപ്പമേ ഇതിനുള്ളു. ഒരാൾക്കു യാത്ര ചെയ്യാം. അത്യാവശ്യം സാധനങ്ങളും കൊണ്ടുപോകാം.ഏത് ആൾ തിരക്കുകൾക്കിടയിലൂടെയും അപകടരഹിതമായി വാഹനം ഓടിച്ചു പോകാമെന്ന പ്രത്യേകതയും ഇതിനുണ്ട്.