ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സല്മാന് ഖാന്. ബിവി ഹോ തോ ഐസിയായിരുന്നു സല്മാന് ഖാന്റെ ആദ്യസിനിമ. പരസ്യ ചിത്രത്തിലൂടെയായിരുന്നു സല്മാന് ഖാന് ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുന്നത്. ആ പരസ്യ ചിത്രത്തിലേക്ക് സല്മാന് എത്തിയതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്.
ഇന്നത്തെ സൂപ്പര്‍ താരമായ സല്മാന് ഖാന് അന്ന് കൗമാരക്കാരനായിരുന്നു. ഒരു പെണ്‍കുട്ടിയെ ഇംപ്രസ് ചെയ്യാനായി നടത്തിയൊരു നീന്തല്‍ അഭ്യാസമാണ് സല്മാന് ഖാനെ കാമറയ്ക്ക് എത്തിക്കുന്നത്. ഒരിക്കല്‍ ഒരഭിമുഖത്തില്‍ സല്മാന് ഖാന് തന്നെയാണ് രസകരമായ ആ കഥ പങ്കുവച്ചത്.
ഞാന്‍ സീ റോക്ക് ക്ലബ്ബില്‍ നീന്താന്‍ പോവാറുണ്ടായിരുന്നു. ഒരു ദിവസം നീന്താന്‍ പോയപ്പോള്‍ അതിസുന്ദരിയായൊരു പെണ്‍കുട്ടിയെ കണ്ടു. ചുവന്ന സാരിയായിരുന്നു അവള് ധരിച്ചിരുന്നത്. അവളുടെ ശ്രദ്ധ നേടാനായി ഞാന്‍ കുളത്തിലേക്ക് എടുത്ത് ചാടി. ഞാനൊരു മണ്ടന്‍ ആയിരുന്നു.
അതിനാല്‍ ഞാന്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വെള്ളത്തിന് അടിയിലൂടെ തന്നെ നീന്തുകയായിരുന്നു ചെയ്തത്. അപ്പുറത്തെത്തി വെള്ളത്തില്‍ നിന്നു തലയുയര്‍ത്തി നോക്കിയപ്പോള്‍ ആ പെണ്‍കുട്ടി പോയിരുന്നു. പിന്നെയായിരുന്നു രസകരമായ സംഭവങ്ങള്‍ അരങ്ങേറുന്നത്.
അടുത്ത ദിവസം ഫാര്‍ പ്രൊഡക്ഷന്സില് നിന്ന് എനിക്കൊരു കോള്‍ വന്നു. അവര്‍ക്ക് എന്നെ വച്ച് കോളയുടെ പരസ്യം ചെയ്യണമായിരുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നായിരുന്നു ഞാന്‍ ആലോചിച്ചത്. പിറ്റേ ദിവസം എന്റെ ആന്റിയെയും കൂട്ടി ഞാന്‍ അവര്‍ പറഞ്ഞതനുസരിച്ച് കൈലാഷ് എന്നയാളെ കാണാന്‍ പോയി.
എല്ലാം ഓക്കെ പക്ഷെ ആരാണ് നിങ്ങള്‍ക്ക് എന്റെ നമ്പര്‍ തന്നതെന്ന് ഞാന്‍ ചോദിച്ചു. നീ ഇംപ്രസ് ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടി എന്റെ കാമുകി ആണെന്നായിരുന്നു കൈലാഷിന്റെ മറുപടി. ഇവന് നന്നായി നീന്തുമെന്ന് അവളാണ് എന്നോട് പറഞ്ഞത്. മാലിദ്വീപില്‍ വച്ചാണ് ഷൂട്ട് ചെയ്യേണ്ടത്.
അണ്ടര്‍വാട്ടര്‍ സ്വിമ്മിംഗ് അറിയുന്നവരെ വേണമായിരുന്നു. എനിക്കും പിന്നീട് ജാക്കി ഷറഫിന്റെ ഭാര്യയായി മാറിയ ആയിഷയ്ക്കും മാത്രമാണ് അന്ന് അങ്ങനെ നീന്താന്‍ അറിയുന്നത്. അങ്ങനെയാണ് ഞാന്‍ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുന്നത്- സല്മാന് ഖാന് പറയുന്നു.
-പിജി