സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ പാർട്ടി നിലപാടിനെ എതിർത്ത് ശശി തരൂർ എംപി നിലയുറപ്പിച്ചതോടെ കോൺഗ്രസിൽ ഭിന്നത രൂക്ഷം.
കെ റെയിലിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവെ മന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെ, ശശി തരൂരിനെ വിമർശിച്ച് കെ. മുരളീധരൻ എംപി രംഗത്തെത്തി.
കെ റെയിൽ വിഷയത്തിൽ യുഡിഎഫിന് ഒറ്റ തീരുമാനമാണുള്ളതെന്നു പറഞ്ഞ മുരളീധരൻ, ശശി തരൂർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്നും പ്രതികരിച്ചു.
അതേസമയം, പദ്ധതി കാര്യത്തിലുള്ള ആശയക്കുഴപ്പം പരിഹരിക്കാൻ സർക്കാർ യോഗം വിളിക്കണമെന്നാണ് ശശി തരൂരിന്റെ നിലപാട്.
ഭിന്നത പരിഹരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ചർച്ച നടത്തിയെങ്കിലും തന്റെ നിലപാടിൽ നിന്നു പിന്തിരിയാൻ തയാറായിട്ടില്ലെന്നാണ് സൂചന.
പദ്ധതിയെ കുറിച്ച് ഡോ. എം.കെ. മുനീറിന്റെ നേതൃത്വത്തിലുള്ള സമിതി നടത്തിയ പഠന റിപ്പോർട്ട് ശശി തരൂരിനു നൽകാത്തതിനാലാണ് അദ്ദേഹത്തിന്റെ നിലപാടിൽ അവ്യക്തത നിലനിൽക്കുന്നതെന്ന കെ.സി. വേണുഗോപാലിന്റെ വാദം മറ്റ് എംപിമാർ അംഗീകരിച്ചിട്ടില്ല.
പദ്ധതിയെ കുറിച്ചു ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിക്കണമെന്ന ശശി തരൂരിന്റെ വാദം പാർട്ടിയുടെ നിലപാടുമായി ചേരുന്നതല്ല.
കെ റെയിലിന്റെ വിശദാംശങ്ങളും ഡിപിആറും വെളിപ്പെടുത്താൻ തയാറാകാത്ത സർക്കാർ, തരൂരിന്റെ ആവശ്യം അംഗീകരിക്കുമോയെന്നും എംപിമാർ ചോദിക്കുന്നു.
സർക്കാർ ചർച്ച നടത്തിയില്ലെങ്കിൽ കെ റെയിലിനെ കുറിച്ചു സ്വന്തം നിലയിൽ ചർച്ച സംഘടിപ്പിക്കാൻ ശശി തരൂർ നീക്കം നടത്തുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
അങ്ങനെയുണ്ടായാൽ അതുമായി സഹകരിക്കേണ്ടെന്നും മറ്റുള്ള യുഡിഎഫ് എംപിമാർ തീരുമാനിച്ചിട്ടുണ്ട്. ശശി തരൂരിന്റെ ഈ നിലപാട് മൂലം യുഡിഎഫ് നടത്തുന്ന കെ റെയിൽ വിരുദ്ധ മുന്നേറ്റത്തിനു ഫലമുണ്ടാകാതെ പോകുകയാണെന്നും എംപിമാർ ആരോപിക്കുന്നു.
അതേസമയം ശശി തരൂരിന്റെ നീക്കം പാർട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ പ്രതികരിച്ചിരുന്നു.