ചെന്നൈ: പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ (94) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കമൽഹാസൻ ബാലതാരമായി അഭിനയിച്ച “കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ.
മലയാളത്തിൽ ഏറ്റവുമധികം സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകനാണ്. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, ഓടയിൽ നിന്ന്, അടിമകൾ, അച്ഛനും ബാപ്പയും, കരകാണാക്കടല്, പണി തീരാത്ത വീട് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സിനിമകൾ സംവിധാനം ചെയ്തു.
നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു.
പാലക്കാട് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായി 1931ൽ സേതുമാധവൻ ജനിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. തമിഴ്നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വികോടോറിയ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി.
സംവിധായകൻ കെ.രാംനാഥിന്റെ സഹായിയായിട്ടാണ് സിനിമയിൽ എത്തിയത്. എൽ.വി. പ്രസാദ്, എ .എസ്.എ. സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെ നിന്ന് സംവിധാനം പഠിച്ചു. 1960ൽ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
കെ.എസ്. സേതുമാധവന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്ത സംവിധായകന് കെ.എസ്. സേതുമാധവന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
മലയാള ചലച്ചിത്രം രംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെ.എസ്. സേതുമാധവനെന്നും ചലച്ചിത്രത്തെ ഒരു സമഗ്ര കലയായി ഉയർത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും അത് സ്വീകാര്യമാകുന്നതിലും സേതുമാധവൻ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.