പോത്തൻകോട്: നടുറോഡിൽ കാർ യാത്രക്കാരായ അച്ഛനും മകൾക്കും നേരെ ആക്രമണം നടത്തിയ പ്രതികളെ ഒരു ദിവസം പിന്നിട്ടിട്ടും പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല.
നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുമ്പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രധാന പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
പ്രതികളുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും തെരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.നാട്ടുകാർ നോക്കി നിൽക്കെയാണ് ഒരു പ്രകോപനവും കൂടാതെ കാർ റോഡിലൂടെ പോയ വെഞ്ഞാറമൂട് വയ്യേറ്റ് ഇടവിളാകത്ത് വീട്ടിൽ ഷെയ്ക്ക് മുഹമ്മദ്(46) എന്ന ഷാ, ഷായുടെ മകൾ പതിനേഴുകാരി എന്നിവർക്കു നേരെ ആക്രമണമുണ്ടായത്.
ബുധനാഴ്ച രാത്രി 8.30 ന് പോത്തൻകോട് ജങ്ഷന് സമീപമാണ് ഇരുവരും ആക്രമിക്കപ്പെട്ടത്.നാലംഗ സംഘം സഞ്ചരിച്ച് കാറിനെ ചെറുത്തുവച്ചെന്നാരോപിച്ചായിരുന്നു ആക്രമണം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.