കോട്ടയം: കോട്ടയത്തെ സാമൂഹിക വിരുദ്ധർ തന്പടിക്കുന്നത് തിരുനക്കര മൈതാനത്ത്. പകൽ, രാത്രി വ്യത്യാസമില്ലാതെ ഇവിടെ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുകയാണ്.
കെഎസ്ആർടിസി സ്റ്റാൻഡ്, ശാസ്ത്രി റോഡ്, ലോഗോസ്, തിയറ്റർ റോഡ്, കോടിമത, നാഗന്പടം തുടങ്ങിയ സ്ഥലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെങ്കിലും ഇവരെല്ലാം തന്പടിക്കുന്നതു തിരുനക്കര മൈതാനത്താണ്.
സന്ധ്യ മയങ്ങുന്നതോടെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള സാമൂഹിക വിരുദ്ധർ മൈതാനത്ത് മദ്യപാനം തുടങ്ങും. പകലും രാത്രിയിലും പോലീസ് മൈതാനത്തിനുള്ളിലേക്കു പ്രവേശിക്കാറില്ല.
കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന സംഘങ്ങൾ തിരുനക്കര മൈതാനത്ത് എറ്റുമുട്ടുന്നതും സ്ത്രീകളെയും കുട്ടികളെയും ഇതിലൂടെ വഴി നടക്കാൻ സമ്മതിക്കാതെ കമന്റടിക്കുന്നതും പതിവു കാഴ്ചയാണ്.
കോവിഡ് ഭീതിയിൽ പൊതുപരിപാടികൾ ഇല്ലാതായതോടെ നഗരസഭ അധികൃതർ മൈതാനത്തേക്കു തിരിഞ്ഞു നോക്കുന്നില്ല.
ഇതോടെ പകൽ സമയത്ത് പോലും മൈതാനത്ത് പരസ്യമായ മദ്യപാനം അടക്കം നടക്കുന്നുണ്ട്. മൈതാനത്തിന് അകത്തും ശൗചാലയത്തിനുള്ളിലും ഷീറ്റുകെട്ടി താമസിക്കുന്നവർ വരെയുണ്ട്.
രാത്രികാലങ്ങളിൽ മയക്കുമരുന്ന വ്യാപാരവും മൈതാനം കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. മൈതാനത്തിനു പുറത്ത് പോലീസ് എത്തുന്പോൾ ഇവിടെ നിന്നും മുങ്ങുന്ന ക്രിമിനൽ സംഘങ്ങൾ പോലീ സ് മടങ്ങിയ ഉടൻ വീണ്ടുമെത്തി ഇവിടെ താവളമാക്കുന്നു.
മുന്പും പലപ്പോഴും തിരുനക്കര മൈതാനം പോലീസ് ശുചീകരിച്ചിട്ടുള്ളതാണ്. എന്നാൽ മണിക്കൂറുകൾ കഴിയുന്പോൾ വീണ്ടും സാമൂഹിക വിരുദ്ധർ ഇവിടം കൈയ്യടക്കുകയാണ് പതിവ്. തിരുനക്കര ബസ് സ്റ്റാൻഡിലും സാമൂഹ്യവിരുദ്ധ സംഘങ്ങൾ തന്പടിക്കുന്നുണ്ട്.
വെളിച്ചമില്ല, സൗജന്യ ഭക്ഷണം
നഗരത്തിൽ സാമൂഹിക വിരുദ്ധർ വർധിക്കുന്നതിന്റെ പ്രധാന കാരണം വെളിച്ചമില്ലായ്മയാണ്. ബസ്് സ്റ്റാൻഡുകൾ, തിയറ്റർ റോഡ്, ലോഗോസ് ജംഗ്ഷൻ ശാസ്ത്രി റോഡ്, തിരുനക്കര എന്നിവിടങ്ങളിൽ സന്ധ്യ കഴിഞ്ഞാൽ വെളിച്ചമില്ല. ജന സഞ്ചാരം കുറയുന്നതോടെ സാമൂഹിക വിരുദ്ധർ തലപൊക്കി തുടങ്ങും. പിന്നിട് ഇവിടങ്ങളിലെല്ലാം ഇവർ വിഹാര കേന്ദ്രങ്ങളാക്കി മാറ്റും.
പകൽ സമയങ്ങളിൽ നഗരത്തിലെ ഇടറോഡുകളിലും ആൾ സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിലും കഴിയുന്ന സാമൂഹിക വിരുദ്ധർ വിവിധ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണ പൊതികൾ കൈപ്പറ്റും.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ആക്രി പെറുക്കൽ ഉൾപ്പെടെയുള്ള ചില ജോലികൾ ചെയ്തുകിട്ടുന്ന പണം ഉപയോഗിച്ചാണ് മദ്യപാനം.
പോലീസ് ശ്രദ്ധിക്കണം
തിരുനക്കര മൈതാനത്ത് അക്രമ സംഭവങ്ങൾ നടക്കുന്പോൾ നാട്ടുകാർ പോലീസിനെ വിളിച്ചാലും ഏറെ നേരം വൈകി എല്ലാം കഴിഞ്ഞായിരിക്കും പോലീസ് എത്തുകയെന്ന് പരാതി.
മിക്ക സമയങ്ങളിലും സെൻട്രൽ ജംഗ്ഷനിലും ഗാന്ധി സ്്ക്വയറിലും പോലീസിന്റെ സാന്നിധ്യമുണ്ടെങ്കിലും തിരുനക്കര മൈതാനത്തിനുള്ളിലേക്കു പോലീസ് കയറാറില്ല.
പതിവായി പോലീസ് മൈതാനത്തിനുള്ളിൽ പ്രവേശിച്ച് തന്പടിച്ചിരിക്കു ന്നവരെ കണ്ടെത്തി ചോദ്യംചെയ്താൽ ഒരുപരിധിവരെ സാമൂഹിക വിരുദ്ധരുടെ ശല്യം ഒഴിവാക്കാനാകുമെന്നാണ് നഗരവാസികൾ പറയുന്നത്.
നാളുകൾക്കു മുന്പു നഗരസഭ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് നഗരത്തിലെ സാമൂഹിക വിരുദ്ധരെ ഒഴിവാക്കുന്നതിനു പദ്ധതി തയാറാക്കിയിരുന്നെങ്കിലും പീന്നിട് തുടർനടപടികൾ ഉണ്ടായില്ല.
ചുണ്ടെലി ബാബു റിമാൻഡിൽ
കഴിഞ്ഞ ദിവസം തിരുനക്കരയിൽ മദ്യലഹരിയിൽ അതിഥി തൊഴിലാളിയെ ആക്രമിക്കുകയും വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയത കോട്ടയം സ്വദേശി ചുണ്ടെലി ബാബു(45)വിനെ കോടതി റിമാൻഡ് ചെയ്തു.
വർഷങ്ങളായി കോട്ടയം നഗരത്തിൽ കഴിയുന്നയാളാണ് ബാബു. ഇപ്പോൾ തിരുനക്കര മൈതാനത്താണ് കഴിയുന്നത്.
ക്രിസ്മസ് ദിനത്തിൽ ലഹരി മൂത്ത ബാബു ഭാര്യയെ മർദിച്ചു. ഇതു തടയാൻ എത്തിയ അതിഥി തൊഴിലാളിയെയും ഇയാൾ മർദിച്ചു.
തുടർന്നു വാക്കത്തിയുമായി ഇയാൾ വഴിയാത്രക്കാരനെയും ഭീഷണിപ്പെടുത്തി. ബാബുവിന്റെ പേരിൽ ലഹരി ഉപയോഗിച്ചശേഷം ആക്രമണം നടത്തിയതിനു നിരവധി കേസുകളുണ്ട്.
അതേസമയം ഈ വിവരം അറിയിച്ചിട്ടും പോലീസ് സംഭവ സ്ഥലത്തെത്തിയത് അരമണിക്കൂറിന് ശേഷമാണെന്നും പോലീസ് വാഹനം എത്താത്തതിനാൽ അക്രമകാരിയെ കൊണ്ടു പോയത് ഓട്ടോറിക്ഷയിലാണെന്നതുമടക്കം ആരോപണങ്ങൾ പോലീസിന് നേരെയുണ്ട്.