സ്വന്തം ലേഖകന്‍
കോഴിക്കോട്: പുതുവലത്സരാഘോഷത്തിന്റെ മറവില്‍ നടക്കുന്ന സംഘര്‍ഷ സാധ്യതകള്‍ക്ക് പൂട്ടിടാന്‍ പുതുവഴികള്‍ തേടി പോലീസ്.
നിലവില്‍ തങ്ങള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ ഉള്‍പ്പെടെ പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് നിയമപാലകര്‍.
ആഘോഷരാവ് അടിച്ചുപൊളിക്കുന്ന ഡിജെ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നീരീക്ഷിക്കാനും ലഹരി നുരയുന്നത് ഒഴിവിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കും.
ഇതിനൊപ്പം ‘ഇന്‍ഫോര്‍മര്‍മാരുടെ’ സഹായവും തേടും.നിലവിലെ സാഹചര്യത്തില്‍ പോലീസ് നിര്‍ദേശങ്ങള്‍ എന്ന പേരില്‍ പലതരത്തിലുള്ള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുന്നതും പോലീസിന് കനത്ത വെല്ലുവിളിയാണ്.
ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ടുള്‍പ്പെടെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ പോലീസ് മുന്നറിയിപ്പ് എന്ന പേരില്‍ പ്രചരിച്ചിരുന്നു.
തുടര്‍ന്ന് പോലീസിന് തന്നെ ഇത് ശരിയല്ലെന്ന് പോസ്റ്റിടേണ്ടിവന്നു. വര്‍ഗീതയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റിട്ട 51 പേര്‍ക്കെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഒരേസമയം നിരവധി കാര്യങ്ങള്‍ പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് പോലീസ്. ഇതിനിടെയാണ് പോലീസിന് നേരേയുള്ള അക്രമമുള്‍പ്പെടെയുള്ള കാര്യങ്ങളും അരങ്ങേറുന്നത്.
പുതുവല്‍സരാഘോഷത്തിന്റെ മറവില്‍ യാതൊരുവിധ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ്.
പാര്‍ട്ടികളിലും ആഘോഷങ്ങളിലും മയക്കുമരുന്ന് വിതരണവും ഉപയോഗവും കര്‍ശനായി വിലക്കും. വിവരം അറിയിക്കുന്നവര്‍ക്ക് പ്രത്യേക പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് ലംഘിച്ചുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാല്‍ ആഘോഷം സംഘടിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും.
പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ വിദേശ മദ്യം ഉപയോഗിക്കുന്നതിനായി കേരള അബ്കാരി ആക്ട് പ്രകാരം നിയമപരമായ അനുവാദം എക്സൈസ് വകുപ്പില്‍ നിന്നു വാങ്ങണം.
ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചുകൊണ്ടായിരിക്കണം ശബ്ദ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടത്.സംശയകരമായ രീതിയിലുള്ള എന്തെങ്കിലും പ്രവര്‍ത്തികളോ സംഭവങ്ങളോ കണ്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം.
ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധയും സുരക്ഷയും നല്‍കണമെന്നും നിര്‍ദേശിക്കുന്നു.