കോട്ടയം: ഇടതുമുന്നണിയിലെ പ്രധാന ഘടകക്ഷിയായ കേരള കോണ്ഗ്രസ് എം സിപിഎം മോഡലിൽ സംഘടന തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. സിപിഎം മോഡലിൽ സെമി കേഡർ പാർട്ടിയാക്കി കേരള കോണ്ഗ്രസിനെ മാറ്റുന്നതിനുള്ള ശ്രമങ്ങൾ ചെയർമാൻ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ നടന്നു വരുകയാണ്.
ഇതിനിടയിലാണ് സംഘടന തെരഞ്ഞെടുപ്പും സിപിഎം സംഘടന പ്രവർത്തനത്തിന്റെയും സമ്മേളനത്തിന്റെയും മാതൃകയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.ഇതിനായി പുതിയ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.
മാനദണ്ഡങ്ങളും നിർദേശങ്ങളുമടങ്ങിയ ചെയർമാന്റെ കത്ത് കീഴ് ഘടകങ്ങൾക്കു ലഭിച്ചു.
സമ്മേളനത്തിൽ കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ടിംഗ് നിർബന്ധമായി അവതരിപ്പിക്കും. മണ്ഡലം, നിയോജക മണ്ഡലം, ജില്ലാ പ്രസിഡന്റുമാരായിരിക്കും റിപ്പോർട്ട് അവതരിപ്പിക്കുക.
നാട്ടിൽ നാലാളറിഞ്ഞു വേണം സമ്മേളനം നടത്താൻ. മുന്പ് ഓഡിറ്റോറിയങ്ങളിലും മറ്റും ആരും അറിയാതെ നടത്തിയിരുന്ന സമ്മേളനങ്ങൾ ഇനിപാടില്ല. പാർട്ടി ഓഫീസിലും, ഹോട്ടലിലും നാലുപേർ യോഗം ചേർന്ന് ഭാരവാഹികളെ തീരുമാനിച്ച് വാർത്തയും പടവും കൊടുത്താൽ സമ്മേളനം തീർന്നിരുന്നു.
ഇനി അതുപറ്റില്ലെന്നും കത്തിൽ കർശന നിർദേശമായി പറയുന്നു.സമ്മേളന സ്ഥലത്ത് നിറയെ കൊടി തോരണങ്ങളും പ്രചരണ ബോർഡുകളും സ്ഥാപിക്കണം. വാർഡുയോഗത്തിന് കുറഞ്ഞത് 50 കൊടികൾ.
മണ്ഡലത്തിന് 100, നിയോജകമണ്ഡലത്തിന് 150 എന്നിങ്ങനെ വേണം. ജില്ലാ സമ്മേളനത്തിന് കുറഞ്ഞത് 500 കൊടികളെങ്കിലും സ്ഥാപിക്കണം. ഇക്കാര്യത്തിന് പ്രത്യേക ചുമതലക്കാർ വേണമെന്നും ജോസ് കെ മാണിയുടെ കത്തിലുണ്ട്.
തെരഞ്ഞെടുപ്പ് യോഗങ്ങളിൽ കെ.എം. മാണിയെക്കുറിച്ചും അധ്വാന വർഗ സിദ്ധാന്തത്തെ കുറിച്ചും പഠന ക്ലാസുകളുമുണ്ടാകും.
തെരഞ്ഞെടുപ്പു കാലത്ത് തെരഞ്ഞെടുപ്പ് ചുമതലക്കാർക്ക് ഒപ്പം ഐടി ചാർജുകാരനുമുണ്ടാകും മുന്നണി മാറ്റത്തിനൊപ്പം പുതിയ ചെയർമാന്റെ നേതൃത്വവും കേരള കോണ്ഗ്രസ് മാണി വിഭാഗത്തിനെ മറ്റൊരു കേഡർ പാർട്ടിയാക്കുകയാണ്.
പാർട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട കാര്യങ്ങളിൽ പ്രത്യേക നിർദേശം നൽകി പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി സാമൂഹിക മാധ്യമങ്ങളുടെ ശക്തിവരെ തിരിച്ചറിഞ്ഞുള്ള നിർദേശങ്ങളാണ് താഴെ തട്ടിലുള്ള നേതാക്കൾക്ക് നൽകിയിട്ടുള്ളത്