സെന്റ് സേവ്യേഴ്സ് സ്കൂളിലെ ക്ലാസ് മുറിയിലെ പഴയ ഹാജർ ബുക്കിൽ എം.എ. യൂസഫലി ഒരിക്കൽകൂടി കണ്ണോടിച്ചു. 51 വർഷങ്ങൾക്കിപ്പുറവും മായാതെ കിടക്കുന്ന ഓർമകൾ മനസിലേക്ക് ഓടിയെത്തി.
പതിനാലാമനായി പേരുചേർത്ത വിദ്യാർഥി ഈ നിൽക്കുന്ന ഞാൻ തന്നെ. പുഞ്ചിരിക്കാൻ പഠിപ്പിച്ച അധ്യാപകരെയും കൂടെ കളിച്ച കൂട്ടുകാരെയുംകണ്ട് വീണ്ടും സ്നേഹം പങ്കിട്ടു.
പ്രധാനാധ്യാപകനോടും തന്നെ പഠിപ്പിച്ച ലോനപ്പൻ മാഷിനോടും സഹപാഠികളോടുമായി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
ചുറ്റും കൂടിയവർക്കിടയിൽ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച ഉറ്റകൂട്ടുകാരനായ പി.എം. സുകുമാരനെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു, അടുത്തുചെന്ന് കുശലാന്വേഷണം.
“പഴയ യൂസഫലി തന്നെയാണ്. പേര് വിളിച്ചാൽ മതി’- ടീ ഷർട്ടും മുണ്ടും ഉടുത്ത് ക്ലാസിൽ വന്നിരുന്ന സഹപാഠിയെ ഓർത്തെടുത്തെങ്കിലും പേര് വിളിക്കാൻ മടിച്ച് മാറിനിന്ന ഫിലോമിനയോടായിരുന്നു ഈ വാക്കുകൾ.
ദേവസിച്ചേട്ടന്റെ ചായപ്പീടികയെക്കുറിച്ചും അന്വേഷിക്കാൻ മറന്നില്ല. എല്ലാവരും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. സ്കൂൾ മുറ്റത്ത് മാവിൻ തൈ നട്ടു.
സന്തോഷ നിമിഷങ്ങൾക്കിടയിലാണ് പ്രിയ കൂട്ടുകാരന്റെ വീട് ജപ്തിയിലാണെന്ന കാര്യം അറിഞ്ഞത്.
ജപ്തി ഒഴിവാക്കാൻ വേണ്ടതു ചെയ്യുമെന്ന് യൂസഫലി അറിയിച്ചു. സ്കൂളിൽ എന്തു കുറവുണ്ടെങ്കിലും വിളിക്കണമെന്ന് അധ്യാപകർക്കും ശിഷ്യന്റെ ഉറപ്പ്.
കോവിഡ് പ്രശ്നങ്ങളൊക്കെ മാറിയശേഷം സ്കൂൾ ആനിവേഴ്സറിക്കു കാണാം എന്ന് ഉറപ്പുനൽകിയായിരുന്നു യൂസഫലിയുടെ മടക്കം.
1970 -കളിൽ എട്ടാം ക്ലാസ് മുതൽ എസ്എസ്എൽസിവരെ പഠിച്ച കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിലേക്കാണ് എം.എ. യൂസഫലി വന്നത്.
കരാഞ്ചിറയിൽ സ്വകാര്യച്ചടങ്ങിനെത്തിയപ്പോൾ സെന്റ് സേവ്യേഴ്സ് സ്കൂളിന്റെ ഗ്രൗണ്ടിൽ യൂസഫലിയുടെ ഹെലികോപ്ടർ ഇറക്കുകയായിരുന്നു.
സ്കൂൾ മുറ്റത്ത് വൃക്ഷത്തെ നടണമെന്നു പ്രധാനാധ്യാപകൻ യൂസഫലിയോട് ആവശ്യപ്പെട്ടതാണു വർഷങ്ങൾക്കുശേഷമുള്ള ഈ ഒത്തുചേരലിന് വഴിയൊരുക്കിയത്.