തിരുവനന്തപുരം : ഗുണ്ടാ പ്രവർത്തനങ്ങൾ തടയുന്നതിനും മയക്കുമരുന്ന് മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനുമായി സംസ്ഥാനമൊട്ടാകെ പോലീസ് നടത്തുന്ന ഓപ്പറേഷൻ കാവലിന്റെ ഭാഗമായുള്ള സ്പെഷൽ ഡ്രൈവ് നഗരത്തിൽ ശക്തമായി തുടരുന്നു.
17ന് ആരംഭിച്ച സ്പെഷൽ ഡ്രൈവിൽ വിവിധ സ്റ്റേഷൻ പരിധികളിലായി ഇതുവരെ 310 റെയ്ഡുകൾ നടത്തുകയും 238 പേരെ കരുതൽ അറസ്റ്റ് ചെയ്തു. 12 പേരെ ഗുണ്ടാ നിയമം (കാപ്പ) പ്രകാരം കരുതല്‍ തടങ്കലിലാക്കാനും ജില്ലാ കലക്ടർക്ക് ശിപാര്‍ശ ചെയ്തു .
കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച 10 പേരെയും വിവിധ കേസുകളില്‍ വാറണ്ട് നിലവിലുള്ള 157 പേരെയും സ്പെഷൽ ഡ്രൈവിൽ അറസ്റ്റ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായായുടെ നിർദേശ പ്രകാരം ഡപ്യൂട്ടി കമ്മീഷണർ (ക്രമസമാധാനം & ട്രാഫിക്) ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് നഗരത്തിൽ ക്രിമിനൽ സംഘങ്ങൾക്കെതിരെയുള്ള നടപടി ആരംഭിച്ചത്.
നർക്കോട്ടിക് സെൽ എസിപി ഷീൻ തറയിലിന്റെ മേൽനോട്ടത്തിലുള്ള സ്പെഷൽ ടീം, നഗരത്തിലെ ഗുണ്ടകളേയും, സ്ഥിരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരേയും സംബന്ധിച്ച് അവലോകനം നടത്തി തയാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷൻ ടീമുമായി ചേർന്ന് പരിശോധന നടത്തുന്നത്.
ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തിട്ടുള്ളവരും രണ്ടില്‍ കൂടുതൽ കേസുകൾ ഉള്ളവരുമായ 774 പേരെ പോലീസ് പരിശോധിച്ച് അവരുടെ ഇപ്പോഴത്തെ പ്രവർത്തനം സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു. മുൻ കാലങ്ങളിൽ ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരും നിലവിൽ കേസുകൾ ഇല്ലാത്തവരുമായ 323 പേരെ സ്റ്റേഷനുകളിൽ വിളിച്ചു വരുത്തി അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവര ശേഖരണം നടത്തി.
സമീപകാലത്ത് വിവിധ ആക്രമണ കേസുകളിൽ ഉൾപ്പെട്ട 238 പേരെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കരുതൽ അറസ്റ്റിലാക്കി.