പറവൂർ: തീ പിടിച്ച വീടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാണാതായ സഹോദരിക്കായി പോലീസ് തെരച്ചിൽ തുടരുന്നു.
പെരുവാരം പനോരമ നഗർ അറയ്ക്കപ്പറന്പിൽ (പ്രസാദം) ശിവാനന്ദന്റെ വീട്ടിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം.
ശിവാനന്ദന്റെ പെണ്മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ഇതിൽ ഒരാളാണു മരിച്ചത്.
മറ്റൊരാളെ കാണാനില്ല. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചതാരെന്നു വ്യക്തമല്ല.
മരിച്ചതാരെന്നറിയാൻ ഡിഎൻഎ പരിശോധന
മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മൂത്തമകൾ വിസ്മയയാണു മരിച്ചതെന്നു മാതാപിതാക്കൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
ഇളയ മകൾ ജിത്തുവിനെ കണ്ടെത്തുകയോ, മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തുകയോ ചെയ്യാതെ ഇക്കാര്യത്തിൽ ഉറപ്പ് പറയാനാകില്ലെന്നാണ് പോലീസ് നിലപാട്.
വീടിന്റെ രണ്ടു മുറികൾ പൂർണമായി കത്തിനശിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു പോലീസ് പറഞ്ഞു.
പോലീസ് പറയുന്നതിങ്ങനെ
ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാൻ പുറത്തുപോയ സമയത്താണു സംഭവം. രണ്ടാമത്തെ മകൾ ജിത്തു രണ്ടു മാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്.
ഉച്ചയ്ക്ക് 12ഓടെ മൂത്തമകൾ വിസ്മയ അമ്മയെ വിളിച്ച് എപ്പോൾ വരുമെന്നു തിരക്കിയിരുന്നു. രണ്ട് മണിക്കു വീണ്ടും വിളിച്ചു. മൂന്നിന് വീടിനകത്തുനിന്നു പുക ഉയരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടു.
പോലീസും അഗ്നിരക്ഷാ സേനയും എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്നുകിടന്നിരുന്നു.
കത്തിനശിച്ച രണ്ട് മുറികളിൽ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്. വാതിലിന്റെ കട്ടിളയിൽ രക്തപ്പാടുകളുണ്ടായിരുന്നു. വീടിനുള്ളിൽ മണ്ണെണ്ണയുടെ ഗന്ധവും അനുഭവപ്പെട്ടു.
വിസ്മയയുടെ ഫോൺ
ഇരുചക്ര വാഹനത്തിൽ മത്സ്യവില്പന നടത്തുന്നയാളാണു ശിവാനന്ദൻ. വിസ്മയ ബിബിഎയും എയർഹോസ്റ്റസ് കോഴ്സും ജിത്തു ബിഎസ്സിയും പൂർത്തിയാക്കിയവരാണ്.
ഒരാഴ്ച മുൻപു ശിവാനന്ദനെ വീട്ടിൽ പൂട്ടിയിട്ടു ജിത്തു പുറത്തേക്ക് ഇറങ്ങിപ്പോയ സംഭവമുണ്ടായിരുന്നു. വിസ്മയയുടെ മൊബൈൽ ഫോണ് വീട്ടിൽനിന്നു കാണാതായിട്ടുണ്ട്.
ഇന്നലെ വൈകീട്ട് ആറോടെ ഞാറയ്ക്കൽ ഭാഗത്ത് ടവർ ലൊക്കേഷൻ ലഭിച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫായി.
വീട്ടിൽ സിസിടിവി
സംഭവം നടന്ന വീട്ടിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ ഇതിന്റെ കണക്ഷൻ വിച്ഛേദിക്കപ്പെട്ടെങ്കിലും തീ പടരുന്നതിനു മുമ്പുള്ള ദൃശ്യങ്ങൾ ഹാർഡ് ഡിസ്ക്കിൽ ഉണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.
തീപിടിത്തമുണ്ടായി ഏറെ താമസിയാതെ യുവതി രക്ഷപ്പെട്ട് സുരക്ഷിത സ്ഥാനത്ത് എത്തിയെങ്കിൽ ഇതിന് ആരുടെ എങ്കിലും സഹായം പുറത്തുനിന്നു ലഭിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പോലീസ് കസ്റ്റഡിയിൽ യുവാവ്
സംഭവത്തിൽ ജിത്തുവുമായി അടുപ്പമുള്ള നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി അറിയുന്നു.
ഡിഗ്രിപഠന സമയത്താണ് യുവാവുമായി ജിത്തു പ്രണയത്തിലായത്. തീപിടിത്തമുണ്ടായ വീട്ടിൽ വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി.