pee
ബെന്നി എം. പോൾ
പീച്ചി: ഡാമിന്റെ ഉദ്യാനത്തിലെത്തിയാൽ ആരും സംശയിച്ചു പോകും, ടിക്കറ്റെടുത്ത് വന്നത് ഉദ്യാനം ആസ്വദിക്കാനോ അതോ കാട്ടു പാതയിലേക്കോ എന്ന്. ഡാമിന് താഴെ ഇടതുകര കനാലിനോടു ചേർന്നുള്ള കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്യാനമാണ് കാടുകയറി നശിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ വന്നതോടെ നിരവധി വിനോദ സഞ്ചാരികളാണ് ഓരോ ദിവസവും പീച്ചിയിൽ എത്തുന്നത്.ഡാമിനു താഴെ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും മുകളിലേക്കു കയറിപ്പോകുന്നത് കെഇആർഐയുടെ കീഴിലുള്ള ഈ ഉദ്യാനത്തിലൂടെയാണ്.
മാത്രമല്ല, ഷട്ടറുകൾ ഉയർത്തുന്ന സമയത്ത് വെള്ളച്ചാട്ടത്തിനു സമീപത്തേക്ക് ആളുകൾ എത്തുന്നതും ഇതുവഴിയാണ്. കഴിഞ്ഞ സീസണിൽ ആയിരക്കണക്കിനു വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിയത്. എന്നിട്ടും വേണ്ട രീതിയിലുള്ള പരിപാലനമോ അറ്റകുറ്റപ്പണികളോ നടത്താൻ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കെഇആർഐ അധികൃതർ ഇതുവരെ തയാറായിട്ടില്ല.
ഓരോ തവണയും ലക്ഷങ്ങൾ മുടക്കിയാണു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഏകദേശം മൂന്ന് ഏക്കറോളം സ്ഥലത്ത് രണ്ടു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നട്ടുവളർത്തിയ കോളാന്പിച്ചെടികൾ നിന്നിരുന്ന സ്ഥലം ഇപ്പോൾ കൊടുംകാടാണ്. നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന രണ്ടു വാട്ടർ ഫൗണ്ടനുകൾ ഉണ്ടിവിടെ. ഇപ്പോൾ അതിന്റെയെല്ലാം പ്രവർത്തനങ്ങൾ നിലച്ചമട്ടാണ്.
മനോഹരമായ പൂക്കൾ നിന്നിരുന്ന ചെടിച്ചട്ടികളിൽ കരിഞ്ഞുണങ്ങിയ പുൽച്ചെടികൾ മാത്രം. വിശ്രമിക്കാനായി നിർമിച്ചിട്ടിരുന്ന സ്റ്റീൽ കസേരകളും സമീപത്തെ നടവഴികളും കാടുകയറി നശിച്ചു തുടങ്ങി. അലങ്കാര വിളക്കുകൾ പലതും പ്രവർത്തിക്കുന്നില്ല.
മാലിന്യങ്ങൾ നിക്ഷേപിക്കാൻ വേസ്റ്റ് ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും നിറഞ്ഞുകവിഞ്ഞ് മാലിന്യം മുഴുവൻ നടപ്പാതകളിൽ ചിതറിക്കിടക്കുന്നതു കാണാം.നീന്തൽകുളത്തിന്റെ അവസ്ഥ അതിലേറെ ശോചനീയമാണ്. വർഷങ്ങളായി ആളുകൾക്ക് അതിനുള്ളിൽ കയറാൻ സാധിച്ചിട്ട്.
പ്രധാന ഗേറ്റിന്റെ മുൻവശം കാടുകയറി ഗേറ്റ് തുറക്കാൻ സാധിക്കാത്ത നിലയിലാണ്. എന്നാൽ, ഡാമിന്റെ വലതു ഭാഗത്തുള്ള ഡിടിപിസിയുടെ കീഴിലുള്ള ഉദ്യാനം അതിമനോഹരമായാണു പരിപാലിക്കുന്നത്. നടപ്പാതകളും ഉദ്യാനത്തിലെ വാട്ടർ ഫൗണ്ടൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളും വിനോദ സഞ്ചാരികൾക്ക് യഥേഷ്ടം ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ്.
അതുകൊണ്ടുതന്നെ കെഇആർഐയുടെ കീഴിലുള്ള സംവിധാനങ്ങൾ മാത്രം ഇത്തരത്തിൽ നശിക്കുന്നത് അധികൃതരുടെ അനാസ്ഥകൊണ്ടു മാത്രമാണെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു. എത്രയുംവേഗം ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിലയിൽ ഡാമും പരിസരങ്ങളും വൃത്തിയാക്കി സൂക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.