സ്വന്തം ലേഖകൻ
തൃശൂർ: വെളിയന്നൂരമ്മയ്ക്ക് മുന്നിൽ എല്ലാ ശാരീരിക പ്രയാസങ്ങളും മറന്ന് അവൻ കൊട്ടിത്തിമർത്തു.
പതിനൊന്നു വയസുകാരൻ നിരഞ്ജനാണ് വലത്തേ കയ്യിന് സ്വാധീന ശേഷിയില്ലെങ്കിലും ഇരട്ടത്തായന്പകയിൽ പങ്കാളിയായി ആസ്വാദകരെ സ്വാധീനിച്ചത്.
വെളിയന്നൂർ ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ സന്ധ്യയ്ക്ക് നിരഞ്ജനും പ്രിയ സുഹൃത്ത് തേജസുമൊത്ത് ഇരട്ടത്തായന്പക കൊട്ടിയവസാനിപ്പിക്കുന്പോൾ ആസ്വാദകർ ഓടിയെത്തി ഇരുവരേയും ചേർത്തു പിടിച്ചു.
പിഴവുകളില്ലാതെ ഈ ചെറുപ്രായത്തിൽ ഇരുവരും തായന്പക കൊട്ടിയത് അതിശയിപ്പിക്കുന്നതാണെന്ന് തായന്പക ആസ്വദിക്കാനെത്തിയവർ പറയുന്നുണ്ടായിരുന്നു.
വലത്തേ കയ്യിന് സ്വാധീനമില്ലാത്തതിനാൽ നിരഞ്ജൻ വലം കൈ താളമിടാനാണ് ഉപയോഗിച്ചത്. കോൽ ഇടം കയ്യിൽ വിസ്മയം തീർത്തു. സാധാരണ വലം കയ്യിൽ കോലും ഇടം കയ്യിൽ താളവുമിട്ടാണ് തായന്പക കൊട്ടുന്ന രീതി.
നിരഞ്ജൻ കൊട്ടിക്കയറുന്പോൾ എല്ലാ പിന്തുണയുമേകി ഏങ്ങണ്ടിയൂർ വിദ്യാനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി എളേടത്ത് വീട്ടിൽ തേജസ് ജയപ്രകാശ് കട്ടയ്ക്ക് കട്ടയായി ഒപ്പം നിന്നു.
ആറാം വയസുമുതൽ ചെണ്ട പഠിക്കുന്ന നിരഞ്ജന്റെ ഗുരു ചെറുശേരി ശ്രീകുമാറാണ്. 2017ൽ പഞ്ചാരിയിൽ അരങ്ങേറ്റം കുറിച്ചു. 2020 ഫെബ്രുവരിയിൽ തായന്പകയിലും.
അച്ഛൻ ഗിരീഷ്കുമാറും അമ്മ ബിന്ദുവും വെളിയന്നൂരിൽ മകന്റെ തായന്പക കാണാനും കേൾക്കാനുമെത്തിയിരുന്നു.