കോഴിക്കോട്: സംസ്ഥാനത്തു പശുക്കളില്‍ തൈലേറിയ എന്ന മാരക രോഗം വ്യാപകം. നൂറുകണക്കിനു പശുക്കള്‍ക്കാണ് സംസ്ഥാനത്ത് പകര്‍ച്ചവ്യാധിയായ തൈലേറിയ ബാധിച്ച് ജീവന് നഷ്ടപ്പെട്ടിട്ടുള്ളത്. മൃഗസംരക്ഷണവകുപ്പ് ഈ രോഗപകര്ച്ചയ്ക്കുമുന്നില് പകച്ചുനില്‍ക്കുകയാണ്. അതിനാല്‍ ക്ഷീരകര്‍ഷകര്‍ ആശങ്കയിലുമായി.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന സങ്കരയിനം പശുക്കളാണ് പ്രധാനമായും ഈ രോഗം പരത്തുന്നത്. ആരോഗ്യ പരിശോധനകളില്ലാത്ത കന്നുകാലി ഇറക്കുമതി, രോഗാണുക്കളുടെ വര്‍ധന, സങ്കരയിനം പശുക്കളൂടെ പ്രതിരോധശേഷിക്കുറവ് എന്നിവയെല്ലാമാണ് തൈലേറിയ വ്യാപകമാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍.
ശരീരത്തിലെ രക്താണുക്കളെ ബാധിക്കുന്ന അണുബാധയാണ് മരണകാരണം. രോഗാണുക്കള്‍ ഉള്ളില്‍ കടന്നാല്‍ അവ പെരുകി പശുക്കളെ മരണത്തിലേക്ക് നയിക്കുന്നു. ഇത്തരം പശുക്കളെ കടിക്കുന്ന ഈച്ചകള്‍ മറ്റു പശുക്കളിലേക്ക് രോഗം പകരത്തുന്നു.
അതുകൊണ്ടുതന്നെ ഒരു പശുവിന് തൈലേറിയ ബാധിച്ചാല്‍ ആ തൊഴുത്തിലുള്ള മറ്റു പശുക്കളിലേക്കും ഇത് വളരെ വേഗത്തില്‍ പടരും. രോഗം വന്നാല്‍ 90 ശതമാനം പശുക്കളും ചാകുമെന്നതാണ് ഈ രോഗത്തിന്‍െ്റ പ്രത്യേകത. രോഗാണു ശരീരത്തില്‍ കടന്നാല്‍ എട്ടു ദിവസം മുതല്‍ 25 ദിവസത്തിനകം ലക്ഷണങ്ങള്‍ കാണിക്കും.
ശക്തമായ പനിയുണ്ടാവും. പനി വന്നാല്‍ തീറ്റെയടുക്കില്ല. അയവെട്ടില്ല. കണ്ണില്‍നിന്നും മൂക്കില്‍ നിന്നും വെള്ളമൊലിക്കും. കണ്‍പോളകളും ചെവിയും വീങ്ങും. കടുത്ത ക്ഷീണം ഉണ്ടാവും. രോഗംബാധിച്ച പശുവിന് പാല് ഉല്പാദനം കുറയും. കുഴഞ്ഞുവീണാണ് പശുക്കള്‍ ചാകുന്നത്. അല്ലെങ്കില്‍ കിടപ്പിലായി മെല്ലെ മരണത്തിലേക്കു നീങ്ങും.
രോഗത്തിനു പ്രതിരോധ കുത്തിവയ്പ് ഇല്ലാത്തതാണ് കര്‍ഷകരെ കുഴക്കുന്നത്. മൂന്ന് ഡോസ് മരുന്നാണ് ഈ രോഗത്തിനു നല്കുന്നത്്. ഒരു ഡോസിനു 1500 രൂപ മരുന്നിനു മാത്രം വരും.
മറ്റുള്ള ചെലവു വേറെയും. സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ ഇതിനുള്ള മരുന്ന് വളരെ കുറച്ച് ഡോസ് മാത്രമാണ് വരുന്നത്്. വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം.