വണ്ടിപ്പെരിയാർ: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആസാം സ്വദേശി അംസർ അലി(22)യെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനിടെ പാലക്കാടുനിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്.
ആസാം സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും കുട്ടിയെ കാണുന്നില്ലെന്ന് വണ്ടിപ്പെരിയാർ പോലീസിൽ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു.
ഇതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കോട്ടയം – പാലക്കാട് വഴി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതായി പോലീസിന് വിവരം ലഭിച്ചു.
വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് പാലക്കാടുനിന്നും പ്രതിയേയും കുട്ടിയേയും കസ്റ്റഡിയിലെടുത്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ നിരവധിതവണ വണ്ടിപ്പെരിയാർ മഞ്ജുമല എസ്റ്റേറ്റ് ലയത്തിൽവച്ചും തട്ടിക്കൊണ്ടു പോകുന്ന വഴിക്കും പീഡിപ്പിച്ചിരുന്നതായി കുട്ടി പോലീസിന് മൊഴി നൽകി.
ഇതേത്തുടർന്ന് പോക്സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പു പ്രകാരവും പ്രതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്ഐ റെജിമോൻ, സിപിഒ എസാക്കിദുരൈ, ജിമ്മി ജോർജ്, വി. വിജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.