തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സുരക്ഷാ ഉദ്യോഗസ്ഥർക്കും സഞ്ചരിക്കാൻ ഇനി മുതൽ കറുത്ത ഇന്നോവ കാറുകൾ.
മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ പൊതുഭരണ വകുപ്പ് കാറുകൾ വാങ്ങാൻ പോലീസിന് സ്പെഷൽ ഫണ്ട് അനുവദിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് പൈലറ്റും എസ്കോർട്ടുമായി പോകാൻ കറുപ്പു നിറത്തിലുള്ള മൂന്ന് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റാ ഹാരിയറും 62.46 ലക്ഷം രൂപ ചെലവിട്ടാണ് വാങ്ങിയത്.
പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകൾ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത്.പുതിയ കാറുകൾ വരുന്പോൾ നിലവിൽ ഉപയോഗിച്ചുവരുന്ന കാലപ്പഴക്കം ചെന്ന രണ്ട് കാറുകൾ മാറ്റും.
കെഎൽ 01 സിഡി 4764, കെഎൽ 01 4857 എന്നീ രജിസ്ട്രേഷൻ നന്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്കോർട്ട് ഡ്യൂട്ടികളിൽ നിന്നും ഒഴിവാക്കുന്നത്.