പാലക്കാട്: സിബിഐ ധാർമിക ഉത്തരവാദിത്വം നിർവഹിച്ചില്ലെന്നു കുറ്റപ്പെടുത്തി വാളയാർ പെണ്‍കുട്ടികളുടെ അമ്മ സിബിഐക്കു കത്തയച്ചു. കുട്ടികളുടേതു കൊലപാതകമാണെന്നു മൊഴിനൽകിയിട്ടും മുഖവിലയ്ക്കെടുത്തില്ല.
ധൃതിപിടിച്ചു കുറ്റപത്രം നൽകിയതിൽ ദുരൂഹത നിലനിൽക്കുന്നുവെന്നും കത്തിൽ പറയുന്നു.കൊലപാതകമെന്നു വ്യക്തമാക്കുന്ന തെളിവുകൾ സാക്ഷികളും സമരസമിതിയും നൽകിയിരുന്നു.
തന്റെയും ഭർത്താവിന്റെയും സാക്ഷികളുടെയും നുണപരിശോധന നടത്തണമെന്നു രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അന്തിമകുറ്റപത്രത്തിനു മുമ്പ് തന്നെയും ഭർത്താവിനെയും കേൾക്കാൻ സിബിഐക്കു ധാർമിക ബാധ്യതയുണ്ടെന്നും കത്തിൽ പറയുന്നു.
സിബിഐ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണനാണ് പെണ്‍കുട്ടികളുടെ അമ്മ കത്തയച്ചിരിക്കുന്നത്. അതേസമയം സിബിഐ കുറ്റപത്രത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് സമരസമിതിയുടെ തീരുമാനം. കുറ്റപത്രത്തിന്റെ പകർപ്പ് ലഭ്യമായാൽ തുടർനടപടി സ്വീകരിക്കുമെന്നു സമരസമിതി അറിയിച്ചു.