ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യത്തിനു സ്ട്രച്ചറുകളോ, വീൽചെയറുകളോ ഇല്ലാത്തതിനാൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾ ബുദ്ധിമുട്ടുന്നു.സ്ട്രച്ചറുകളും വീൽചെയറുകളും ലഭിച്ചു ബന്ധപ്പെട്ട വിഭാഗത്തിലെ ഒപിയിലെത്താൻ രോഗികൾ മണിക്കുറുകളോളം വാഹനത്തിൽ തന്നെ കിടക്കേണ്ട സാഹചര്യമാണ്.
ഇതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന രോഗികൾക്കു ഒരു ദിവസം കൊണ്ട് ചികിത്സ നടപടികൾ പൂർത്തിയാക്കി മടങ്ങാൻ സാധിക്കാതെ വരുന്നു. കൂടാതെ ഒപി രജിസ്ട്രേഷൻ കൗണ്ടറിന് മുന്നിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് കർശന നിർദ്ദേശവുമുണ്ട്.
എന്നാൽ വാഹനത്തിൽ എത്തുന്ന രോഗികളെ വാഹനത്തിൽ നിന്ന ഇറക്കി സ്ട്രച്ചറുകളിലോ, വീൽ ചെയറുകളിലോ കയറ്റി ബന്ധപ്പെട്ട ഒപിയിലേക്ക് കൊണ്ടു പോകണം.
ഇതിനു സാധിക്കാതെ വരുന്പോൾ രോഗികളുമായി വരുന്നവരുടെ വാഹനവ്യൂഹം തന്നെ രജിസ്ട്രേഷൻ ബ്ലോക്കിന്റെ മുൻവശത്തെ റോഡിൽ ഉണ്ടാകും. ഇത് അത്യാഹിത വിഭാഗമുൾപ്പെടെ മറ്റ് സ്ഥലങ്ങളിലേക്കു പോകുന്ന വാഹനങ്ങൾക്കു തടസമുണ്ടാക്കുകയും ചെയ്യും.
രണ്ടാഴ്ച മുന്പു അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ ആംബുലൻസിൽ നിന്ന് ഇറക്കി ബന്ധപ്പെട്ട വിഭാഗത്തിലെത്തിക്കാൻ സ്ട്രച്ചറുകൾ ലഭിക്കാതെ വന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗികളുമായി അധികനേരം ആംബുലൻസ് റോഡിൽ കിടക്കേണ്ടിവന്ന വിവരം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.