സെബി മാത്യു
മുംബൈ: രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു. നൈജീരിയയിലേക്കു യാത്ര ചെയ്തിട്ടുള്ള അന്പത്തിരണ്ടുകാരനാണു ചൊവ്വാഴ്ച മരിച്ചത്.
ഹൃദയാഘാത്തെത്തുടർന്ന് മരിച്ച ഇയാൾക്ക് ഇന്നലെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. അതേസമയം, മരണം കോവിഡ് ഇതരകാരണംകൊണ്ടാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
13 വർഷമായി പ്രമേഹബാധിതനായ ഇദ്ദേഹത്തെ പിംപ്രി ചിഞ്ച്വാഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മഹാരാഷ്ട്രയിൽ ഇന്നലെ 198 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 190 മുംബൈയിലാണ്. രോഗം സ്ഥിരീകരിച്ചവരിൽ 30 പേർമാത്രമാണ് ഈയിടെ വിദേശയാത്ര നടത്തിയിട്ടുള്ളത്.
വ്യാപനസാധ്യത; രാജ്യം ജാഗ്രതയിൽ
ന്യൂഡൽഹി: രാജ്യത്തു പ്രതിദിന കോവിഡ് കേസുകൾ പതിനായിരം കടന്നതോടെ കർശന ജാഗ്രത വേണമെന്നു കേന്ദ്രസർക്കാർ.
കരുതൽ ഡോസ് വാക്സിൻ ഏതായിരിക്കണം എന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്. നിലവിലുള്ള വാക്സിൻ വേണോ പുതിയൊരു വാക്സിൻ നൽകണോ എന്നത് പരിശോധിക്കുന്നുണ്ട്.
കരുതൽ ഡോസ് മുന്പു സ്വീകരിച്ച വാക്സിന്റെ തുടർച്ചയാണോ അതോ മിശ്രിത വാക്സിനാണോ എന്നതു സംബന്ധിച്ച മാർഗനിർദേശം ജനുവരി പത്തിനു മുന്പു നൽകുമെന്ന് ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
60 വയസിനു മുകളിലുള്ള അർഹരായവർക്കു കരുതൽ ഡോസിനുള്ള മുന്നറിയിപ്പ് ജനുവരി പത്തു മുതൽ എസ്എംഎസ് മുഖേന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശീയമോ വിദേശത്തുനിന്നുള്ളതോ ആയ ഏതൊരു വാക്സിനും രോഗത്തെ തടയും എന്നു പറയാനാകില്ല. എന്നാൽ, കരുതൽ ഡോസ് രോഗത്തിന്റെ തീവ്രത കുറയ്ക്കും.
ആശുപത്രിയിൽ പ്രവേശിക്കുന്നതോ മരിക്കുന്നതോ ആയ അവസ്ഥയിലേക്കു കടക്കാതെ തടയുമെന്നും ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, വാക്സിൻ എടുത്ത ശേഷമുള്ള രോഗപ്രതിരോധശേഷി കാലാവധി ഒന്പതു മാസമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഡിസംബർ 26നുശേഷം ആദ്യമായാണ് പ്രതിദിന കേസുകളുടെ എണ്ണം പതിനായിരം കവിഞ്ഞത്. എട്ടു ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിനു മുകളിലാണ്.
14 ജില്ലകളിൽ 5നും 10നും ഇടയിലും. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 25 ശതമാനവും കേരളത്തിലാണ്.
കേരളം, കർണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, തമിഴ്നാട്സംസ്ഥാനങ്ങളിലാണ് കേസുകൾ ഏറ്റവും കൂടുതലുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
ഒമിക്രോണ് വകഭേദമാണ് കോവിഡ് കേസുകളുടെ എണ്ണം വർധിക്കാൻ ഇടയാക്കിയതെന്നു നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി.കെ. പോൾ ചൂണ്ടിക്കാട്ടി.
പരിഭ്രാന്തരാകേണ്ട കാര്യമില്ല. നിർബന്ധമായും മാസ്ക് ധരിക്കണം. കോവിഡ് മാനദണ്ഡങ്ങളെല്ലാം തന്നെ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിടിവിട്ട് വ്യാപനം
ഡൽഹിയിലും മുംബൈയിലും കോവിഡ് ഒരാളിൽനിന്നു കൂടുതൽ പേരിലേക്കു പകരുന്ന തോതായ ആർ വാല്യു രണ്ട് കടന്നു എന്നാണു റിപ്പോർട്ട്.
ഡിസംബർ 23നും 29നും ഇടയിൽ ഡൽഹിയിലെ കോവിഡ് ആർ വാല്യു നിരക്ക് 2.54 എന്ന നിലയിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഡിസംബർ 17 വരെ ഇത് 1.12 ആയിരുന്നു.
മുംബൈയിൽ ഡിസംബർ 23നും 28നും ഇടയിൽ 2.01 ആയിരുന്നു ആർ വാല്യു. ഡിസംബർ 17ന് 1.10 ആയിരുന്നതാണ് ഇത്രയധികമായി വർധിച്ചത്.
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആർ വാല്യു 1.22 ആണെന്നാണ് ഡോ. വി.കെ. പോൾ ഇന്നലെ പറഞ്ഞത്. രോഗ ബാധിതരായ 100 പേരിൽനിന്ന് 122 പേരിലേക്ക് രോഗം പകരുന്നു എന്നാണ് ഇതിനർഥം.
ഇതിനിടെ, ഡൽഹിയിലെ കോവിഡ് കേസുകളിൽ 46 ശതമാനവും ഒമിക്രോണ് വകഭേദമാണെന്നു സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞു. ജനിതക ശ്രേണീകരണ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും മന്ത്രി പറഞ്ഞു.