പറവൂർ: തീപിടിച്ച വീടിനുള്ളിൽ യുവതി വെന്തുമരിച്ച സംഭവത്തിൽ കാണാതായ സഹോദരി പോലീസ് പിടിയിൽ.
പറവൂർ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ ഇളയ മകൾ ജിത്തു (22) ആണു പിടിയിലായത്.
സഹോദരി വിസ്മയ (ഷിഞ്ചു-25) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് പൊള്ളലേറ്റു മരിച്ചശേഷം ജിത്തു അപ്രത്യക്ഷയാകുകയായിരുന്നു.
ഇന്നലെ വൈകിട്ട് കാക്കനാടുള്ള തെരുവോരം മുരുകന്റെ അനാഥാലയത്തിൽനിന്നാണു ജിത്തുവിനെ പറവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
സഹോദരിയെ താൻ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ യുവതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മാനസികാസ്വാസ്ഥ്യമുള്ള ജിത്തുവും വിസ്മയയും തമ്മിൽ വഴക്കിടുക പതിവായിരുന്നെന്നും ഇതിനിടയിലാകാം കൊലപാതകം നടന്നതെന്നുമാണു നിഗമനം.
ബുധനാഴ്ച പുലർച്ചെ 1.30ന് കൊച്ചി എംജി റോഡിനു സമീപം അലഞ്ഞുതിരിയുന്ന നിലയിൽ കണ്ടെത്തിയ ജിത്തുവിനെ പിങ്ക് പോലീസാണ് കാക്കനാട്ടെ തെരുവോരം അനാഥാലയത്തിൽ എത്തിച്ചത്.
പോലീസ് ഇവരെ ചോദ്യംചെയ്തെങ്കിലും ആദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല. ജിത്തുവിനായി പറവൂർ പോലീസ് ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.