തിരുവനന്തപുരം: തിരുവനന്തപുരം: മലയാള സിനിമാ സീരിയൽ നടൻ ജി.കെ. പിള്ള (97) അന്തരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം.ഏറെ നാളായി അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു. വർക്കലയിലായിരുന്നു അദ്ദേഹം താമസിച്ച് വന്നിരുന്നത്.
മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 325 ൽ പരം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഗോവിന്ദ പിള്ള കേശവപിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ പൂർണമായ പേര്.
1924 ൽ ചിറയിൻകീഴിലായിരുന്നു ജനനം. കഴിഞ്ഞ 65 വർഷക്കാലമായി മലയാള സിനിമയിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ച് വരികയായിരുന്നു.
മലയാളത്തിലെ ആദ്യകാല നടൻമാരായിരുന്ന സത്യൻ, പ്രേംനസീർ, മധു, തിക്കുറിശി, അടൂർ ഭാസി ഉൾപ്പെടെയുള്ള നടൻമാരോടൊപ്പവും മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള നടൻമാരോടൊപ്പവും ദിലീപ് ഉൾപ്പെടെയുള്ള യുവനിരയിലുള്ള നായകൻമാരോടൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഈ അടുത്ത കാലം മുതൽ അദ്ദേഹം സീരിയൽ രംഗത്തായിരുന്നു സജീവമായിരുന്നത്. തുന്പോലാർച്ച, കാര്യസ്ഥൻ ഉൾപ്പെടെയുള്ള ചിത്രങ്ങളായിരുന്നു ഏറെ ശ്രദ്ധേയമായിരുന്നത്. സൈനിക സേവനത്തിന് ശേഷമാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്ന് വന്നത്.
1954 ൽ പുറത്തിറങ്ങിയ സ്നേഹസീമ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് ചുവട് വച്ചത്. ദേവ സുന്ദരി, അച്ഛനും മകനും, നായര് പിടിച്ച പുലിവാല്, വേലുത്തന്പി ദളവ, കളിത്തോഴൻ, പൊന്നാപുരം കോട്ട, കടുവയെ പിടിച്ച കിടുവ, ചന്ദ്രഹാസം, പടയോട്ടം, ആഗസ്റ്റ് 1, കനവ്, കാര്യസ്ഥൻ, തിങ്കൾ മുതൽ വെള്ളി , ചിറകൊടിഞ്ഞ കിനാവുകൾ, നിമിഷം എന്നിവ ഉൾപ്പെടെ ബ്ലാക്ക് ആന്റ് വൈറ്റിലും കളർ സിനിമകളിലും ഉൾപ്പെടെ അഭിനയിച്ചിട്ടുണ്ട്.