സെഞ്ചുറിയൻ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ കീപ്പർ ക്വിന്റൺ ഡികോക്ക്. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെയാണ് ഡി കോക്കിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.
ക്രിക്കറ്റ് സൗത്താഫ്രിക്ക ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ബോർഡ് വിവരം പങ്കുവച്ചിട്ടുണ്ട്.കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം വേണമെന്ന് വിരമിക്കലിനുള്ള കാരണമായി 29-കാരനായ ഡികോക്ക് പറയുന്നത്.
ഇത് തിടുക്കത്തിലുള്ള തീരുമാനമല്ല, പങ്കാളി സാഷയുമായി വ ളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഡികോക്ക് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, പരിമിത ഓവർ ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്നും താരം വ്യക്തമാക്കി.
2014 ഫെബ്രുവരിയിൽ ഓസ്ട്രേലിയയ്ക്ക് എതിരെയാണ് ഡികോക്ക് ടെസ്റ്റിൽ അരങ്ങേറുന്നത്. 54 ടെസ്റ്റുകളിൽ കളിച്ച താരം 38.82 ശരാശരിയിൽ 3,300 റൺസാണ് നേടിയിട്ടുള്ളത്.
ആറ് സെഞ്ചുറിയും 22 അർധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്. നിലവിലെ ദക്ഷിണാഫ്രിക്കൻ ടീമിൽ ഡീൻ എൽഗാ റിന് മാത്രമാണ് ഡികോക്കിനേക്കാൾ കൂടുതൽ ടെസ്റ്റ് റൺസ് സമ്പാദ്യമുള്ളൂ.
ടെസ്റ്റിന്റെ ടീമിന്റെ ഇടയ്ക്ക് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും താരം അലങ്കരിച്ചിട്ടുണ്ട്. വിക്കറ്റിന്റെ പിന്നിലും മിന്നും പ്രകടനമാണ് ഡികോക്ക് പുറത്തെടുത്തത്.
ടെസ്റ്റിൽ, 221 ക്യാച്ചുകളും 11 സ്റ്റംപിങ്ങുകളും ഉൾപ്പെടെ 232 പുറത്താക്കലുകൾ നടത്തി. പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 11 മത്സരങ്ങളിൽ നിന്ന് 48 ക്യാച്ചുകൾ ഡികോക്ക് നേടിയിട്ടുണ്ട്.