ആലപ്പുഴ: ഗോവയിലുണ്ടായ വാഹനാപകടത്തില്‍ നേവി ഉദ്യോഗസ്ഥനായ ഒരാള്‍ ഉള്‍പ്പെടെ ആലപ്പുഴ സ്വദേശികളായ മൂന്നുപേര്‍ മരിച്ചു. ഇവരിൽ രണ്ടു പേർ സഹോദരങ്ങളാണ്.
ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ പൊടിയന്റെ മക്കളായ വിഷ്ണു (25), കണ്ണൻ (22), വലിയഴീക്കൽ അയ്യത്ത് തെക്കതിൽ ചന്ദ്രദാസ്-മിനി ദമ്പതികളുടെ മകൻ നിതിൻ ദാസ് (25) എന്നിവരാണ് മരിച്ചത്. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്.
ഇവരുടെ സുഹൃത്തുക്കളായ വലിയഴീക്കൽ തെക്കടത്ത് അഖിൽ (24) പുത്തൻപറമ്പിൽ വിനോദ് കുമാർ (24) എന്നിവരെ ഗുരുതര പരിക്കുകളോടെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ സഞ്ചരിച്ച കാർ ദേശീയപാത 66 ബിയിൽ സുവാരി ഗേറ്റിനു സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ മൂന്നുപേർ വിനോദ സഞ്ചാരത്തിനെത്തിയവരും മരിച്ച നിതിൻദാസും വിഷ്ണുവും ഗോവയിൽ ജോലി ചെയ്യുന്നവരുമാണ്.
ഇന്നു പുലര്‍ച്ചെ ഒന്നരയോടെ ഗോവ എംഇഎസ് ജംഗ്ഷനിലായിരുന്നു അപകടം. നേവിയില്‍ ഉദ്യോഗസ്ഥനായ വിഷ്ണുവിനെ ഗോവയിലെ ഓഫീസില്‍ എത്തിക്കാനായാണ് കൂട്ടുകാരായ അഞ്ചുപേര്‍ ഗോവയ്ക്കു പോയത്.
ഗോവ കണ്ട ശേഷം ഓഫീസിലേക്കു പോകാനായിരുന്നു പരിപാടി. ഇവിടെ ജോലിചെയ്യുന്ന നിതിന്ദാസിനെയും ഒപ്പം കൂട്ടി സഞ്ചരിക്കുന്നതിനിടയിലായിരുന്നു അപകടം.