പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ ബസുകൾ വൃത്തിയായി പരിപാലിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മാനേജ്മെന്റ്. ദീർഘദൂര സർവീസുകൾ മുതൽ ഓർഡിനറി സർവീസുകൾ വരെയുള്ള ബസുകളിലെ അപര്യാപ്തതകളും വൃത്തിഹീനമായ അവസ്ഥയും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
യാത്രക്കാരുടെ പരാതികളും ഇത് സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്.ബസുകളുടെ ഡ്രൈവർ ക്യാബിൻ, ഡ്രൈവർ ഡാഷ് ബോർഡ്, ബസിന്റെ ജനൽ ഷട്ടർ അകവും പുറവും,യാത്രക്കാരുടെ സീറ്റ്,ബസ് പ്ലാറ്റ് ഫോം, ബസിന്റെ ടോപ്, പിറകിലെ എമർജൻസി ഗ്ലാസ്, മുതലായവ എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതായിരിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഇവ വൃത്തിയാക്കാതെ ബസുകൾ സർവീസിന് കൊടുക്കുന്നത് മൂലം യാത്രക്കാർക്കും, ഡ്രൈവർക്കുംകണ്ടക്ടർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായുള്ള നിരവധി പരാധികൾ ലഭിച്ചിരിക്കുന്നു എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.
അതിനാൽ ദീർഘദൂര സർവീസ്, ഓർഡിനറി ഉൾപ്പെടെ എല്ലാ ബസുകളും കഴുകി വൃത്തിയാക്കി മാത്രമേ സർവീസിന് അയയ്ക്കാവു എന്നാണ് മാനേജിംഗ് ഡയറക്ടറുടെ ഉത്തരവ് . സേവ് കെഎസ്ആർടിസി ക്ലീൻ കെഎസ്ആർടിസി എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായിട്ടു കൂടിയാണ് ഈ നിർദേശം.
ഇതിന് വിരുദ്ധമായി പരാതികളോ വീഡിയോ ദൃശ്യങ്ങളോ ഫോട്ടോകളോ ലഭിച്ചാൽ ഗാരേജ് അധികാരികൾ ബന്ധപ്പെട്ട ജീവനക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
പല ഡിപ്പോകളിലും ബസുകൾ കഴുകി വൃത്തിയാക്കാൻ നിയോഗിച്ചിരിക്കുന്നത് ദിവസവേതനക്കാരെയാണ്.ഒരു ഡ്യൂട്ടിയിൽ എത്ര ബസ് കഴുകി വൃത്തിയാക്കണമെന്ന് ടാർജറ്റുമുണ്ട്. രാത്രി കാലത്താണ് ബസുകൾ കഴുകുന്നത്. പല ഡിപ്പോകളിലും വെളിച്ചത്തിന്റെ പരിമിതികളുമുണ്ട് .