കൊച്ചി: കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച് വാഹനം കത്തിച്ച കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇവരെ ചോദ്യം ചെയ്യുന്നതില്‍നിന്ന് സംഘര്‍ഷത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ചു വിശദമായി അന്വേഷിക്കാനാണ് പോലീസ് നീക്കം.
ഒന്നു മുതല്‍ മൂന്നു വരെ പ്രതികളും മണിപ്പൂര്‍ സ്വദേശികളുമായ ടി.എച്ച്. ഗുല്സന് സിംഗ്(24), സെര്‍ട്ടോ ഹെന്ജകുപ്പ് കോം (24 ), മെയ്രംബാം ബോയ്ച്ച സിംഗ് (24), 14-ാം പ്രതിയും ജാര്‍ഖണ്ട് സ്വദേശിയുമായ ലൂയിസ് ഹെബ്ബ്രോന് (21) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കോലഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജനുവരി ഒന്നുവരെയാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
പെരുമ്പാവൂര്‍ ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ഇന്നലെ കിറ്റെക്സിലെ തൊഴിലാളി ക്യാമ്പില്‍ ഇവരെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പരിശോധനയില്‍ ലേബര്‍ ക്യാന്പില്‍നിന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഐഡി കാര്‍ഡ് കണ്ടെത്തിയിരുന്നു.
അക്രമണത്തിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഐഡി കാര്‍ഡ് നഷ്ടപ്പെട്ടതോ അല്ലെങ്കില്‍ അതിഥി തൊഴിലാളികള്‍ ഇത് തട്ടിയെടുത്തതോ ആകാമെന്നാണ് പോലീസ് നിഗമനം.പ്രതികളില്‍നിന്ന് ശേഖരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ വി.ടി. ഷാജനെ പ്രതികള്‍ മരവടിക്ക് തലയ്ക്കും പുറത്തും അടിക്കുകയും ഇടതു കൈപ്പത്തി അടിച്ചു പൊട്ടിച്ചതായും കസ്റ്റഡി റിപ്പോര്‍ട്ടിലുണ്ട്. കല്ലുകൊണ്ട് തലയ്ക്കു പിന്നില്‍ ഇടിച്ചു പൊട്ടിച്ചതായും പറയുന്നു. കൂടാതെ പോലീസ് ജീപ്പിന്റെ ഡോര്‍ ഗ്ലാസ് തകര്‍ത്ത് 5,000 രൂപയുടെ നഷ്ടം സര്ക്കാരിനുണ്ടാക്കിയതായും കസ്റ്റഡി റിപ്പോർട്ടിലുണ്ട്.
ലേബര്‍ കമ്മീഷണര്‍ ഇന്ന് റിപ്പോർട്ട് നൽകും
അതേസമയം കിഴക്കമ്പലം സംഭവത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ലേബര്‍ കമ്മീഷണര്‍ എസ്. ചിത്ര കഴിഞ്ഞ ദിവസം കിറ്റകെസിലെ സ്ത്രീ-പുരുഷന്മാരുടെ ലേബര്‍ ക്യാംപിലെത്തി പരിശോധന നടത്തിയിരുന്നു.
തൊഴില്‍ മന്ത്രിയുടെ ഓഫീസിനാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. കിഴക്കമ്പലത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കിറ്റക്സിന്റെ തൊഴിലാളി ക്യാമ്പില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലേബര്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നത്.