തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ആശങ്ക വർധിക്കുന്നു. വെള്ളിയാഴ്ച പുതിയതായി 44 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 27 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഏഴു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
എറണാകുളത്ത് 12, കൊല്ലം 10, തിരുവനന്തപുരം എട്ട്, തൃശൂര്‍ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും പാലിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. രോഗപ്രതിരോധത്തിൽ ഉണ്ടാകുന്ന വീഴ്ചകൾ വൈറസിന്റെ വ്യാപനത്തിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. 23 സംസ്ഥാനങ്ങളിലായി 1270 ഒമിക്രോണ്‍ ബാധിതരാണുള്ളത്. മഹാരാഷ്ട്രയിൽ 450 പേര്‍ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചപ്പോൾ ഡല്‍ഹിയില്‍ 320 പേര്‍ക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണത്തിൽ കേരളം മൂന്നാമതാണ്.