ജിജി ലൂക്കോസ്
തിരുവനന്തപുരം: സർവകലാശാല വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ച പുതിയ വിവാദങ്ങൾ ഏറ്റെടുത്ത് പ്രതിപക്ഷം.
രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള എന്താണ് നടന്നതെന്നു ചോദ്യവുമായി രംഗത്തെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണോ സർക്കാർ ഇടപെട്ടതെന്നു ഗവർണർ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ഗവർണർ വെളിപ്പെടുത്തിയ രാജ്യത്തിനു നാണക്കേടുണ്ടാക്കിയ സർക്കാരിന്റെ ഇടപെടൽ രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാനുള്ള ശിപാർശ വിഷയം തന്നെയാണെന്നു രമേശ് ചെന്നിത്തല പറയുന്നു. ഇക്കാര്യത്തിൽ ഗവർണർ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതു കൂടാതെ സർക്കാരിന്റെ ഇടപെടലുമായ ബന്ധപ്പെട്ട കാര്യത്തിൽ നാല് ചോദ്യങ്ങൾ കൂടി ചെന്നിത്തല ഉന്നയിച്ചു.രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകുന്നതിനായി ചാൻസലർ കൂടിയായ ഗവർണർ കേരള വിസിക്ക് ശിപാർശ ചെയ്തിരുന്നോ? സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഇത് മരവിപ്പിച്ചോ?
വിസി എന്തിനാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം തേടിയത്? അനുമതി നൽകാത്തതിന്റെ കാര്യം സർവകലാശാലയ്ക്ക് ബോധ്യപ്പെട്ടോ? കാലടി വൈസ് ചാൻസലർ ഡി ലിറ്റ് നൽകുന്നതിനായി ശിപാർശ ചെയ്ത മൂന്ന് പേരുകൾ ആരുടേതൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.
താൻ ചാൻസലറായി പ്രവർത്തിക്കുന്പോൾ രാജ്യത്തിന്റെ അഭിമാനത്തിനു ക്ഷതമുണ്ടാക്കുന്ന ചില തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായെന്നും അതൊന്നും പുറത്തു പറയാനാവില്ലെന്നുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വെളിപ്പെടുത്തിയത്.
ഗൗരവമേറിയ ഒരുപാട് കാര്യങ്ങൾ ഉണ്ടായെങ്കിലും അതെന്താണെന്നു വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. ഇനിയും തെറ്റുകളുടെ ഭാഗമാകാനില്ല. ചാൻസലർ പദവി വേണ്ടെന്ന തീരുമാനത്തിൽ മാറ്റമില്ല. സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നാൽ അധികാരം പ്രോചാൻസലർക്കു കൈമാറാൻ തയാറാണെന്നും ഗവർണർ പറഞ്ഞു.
സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ പുറത്തുവിട്ട വിവാദം ആറി തണുക്കുന്നതിനു മുന്പേയാണ് പുതിയ വിവാദത്തിനു തീ പിടിപ്പിച്ചിരിക്കുന്നത്. വിവാദം തണുപ്പിക്കണമെന്നും ഗവർണറുമായി സമവായമുണ്ടാക്കണമെന്നുമാണ് ഇടതു മുന്നണി നിലപാടെടുത്തത്.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി നേരിട്ടു ഗവർണറുമായി ചർച്ച നടത്തുമെന്നും സൂചനകൾ പുറത്തുവന്നിരുന്നു. ഇതാണ് കൂടുതൽ പ്രശ്നങ്ങളിലെത്തിച്ചിരിക്കുന്നത്. രാജ്യത്തിനു നാണക്കേടുണ്ടാക്കുന്നതെന്നു ഗവർണർ തന്നെ പറഞ്ഞ വിഷയം രാഷ്ട്രപതിയുമായി ബന്ധപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൂടി രംഗത്തെത്തിയതോടെ സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ കുരുക്കിലാകും.