തിരുവനന്തപുരം: മദ്യവുമായി പോകുന്പോൾ കോവളത്ത് വച്ച് പോലീസ് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി സ്വീഡിഷ് പൗരൻ. ബില്ലില്ലാത്തതിനാൽ മദ്യവുമായി പോകാൻ പോലീസ് അനുവദിച്ചില്ലെന്നു സ്വീഡിഷ് പൗരൻ സ്റ്റീഫൻ ആസ്ബർഗ്. മദ്യം എടുത്തെറിയാൻ പോലീസ് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ബിൽ പിന്നീടു വാങ്ങി സ്റ്റേഷനിൽ എത്തിച്ചതു നിരപരാധിത്വം തെളിയാക്കാനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു വർഷക്കാലമായി കേരളത്തിൽ ടൂറിസം രംഗത്തു പ്രവർത്തിക്കുകയാണ്. കേരള പോലീസിൽ നിന്ന് ഇത്തരത്തിലൊരു അനുഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു. ഇന്നലെ വൈകുന്നേരമാണ് കോവളത്ത് വച്ച് സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞത്.
ബിവറേജസിൽനിന്നു മദ്യം വാങ്ങി വരവെ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇദ്ദേഹത്തെ തടഞ്ഞത്. വെള്ളാറിലുള്ള ബീവറേജ് ഔട്ട്ലെറ്റിൽനിന്നു മൂന്നു കുപ്പി വിദേശമദ്യവുമായി തന്റെ റൂമിലേക്കു പോകുമ്പോൾ വാഹന പരിശോധ നടത്തുകയായിരുന്ന കോവളം പോലീസ് വിദേശിയുടെ സ്കൂട്ടറിനെ കൈകാണിച്ചു നിർത്തുകയായിരുന്നു.
പോലീസ് തന്നോടു ദേഷ്യത്തോടെ സംസാരിച്ചതിന്റെ മാനസിക ബുദ്ധിമുട്ടിനെത്തുടർന്നു ബാഗിലുണ്ടായിരുന്ന മൂന്നു കുപ്പികളിൽ രണ്ട് കുപ്പി മദ്യമെടുത്തു തുറന്നു സമീപത്തെ പാറക്കെട്ടിലേയ്ക്ക് ഒഴുക്കുകയായിരുന്നു. പുതുവത്സരവുമായി ബന്ധപ്പെട്ടാണ് താൻ സുഹൃത്തിനൊപ്പം ആഘോഷത്തിനായി മദ്യം വാങ്ങിയതെന്നും 2,100 രൂപയാണ് ഇതിനായി ചെലവാക്കിയതെന്നും സ്റ്റീഫൻ പറയുന്നു.
അതേസമയം, വിദേശ പൗരന്റെ കൈവശമുണ്ടായിരുന്ന മദ്യം പോലീസ് നിർബന്ധിച്ച് ഒഴിപ്പിച്ചു കളഞ്ഞെന്ന പരാതി അടിസ്ഥാന രഹിതമെന്നും വിദേശിയെ അപമാനിച്ചില്ലെന്നും ഐജിപിയും സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ പറഞ്ഞു.
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര് ആരും തന്നെ വിദേശ പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലയെന്നും സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
എന്നാൽ, ടൂറിസം മന്ത്രി പോലീസിന്റെ ഇടപെടലിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ പോലീസുകാർക്കെതിരേ അന്വേഷണവും നടപടിയും ഉണ്ടാകാനാണ് സാധ്യത.