പ്രപഞ്ചത്തിലെ നിഗൂഢതകൾ നോക്കിക്കാണാനായി ‘ജയിംസ് വെബ്’ ബഹിരാകാശ ടെലിസ്കോപ് യാത്രപുറപ്പെട്ടു. കഴിഞ്ഞദിവസം ഫ്രഞ്ച് ഗയാനയിൽനിന്നു യൂറോപ്യൻ സ്പേസ് ഏജൻസിയുടെ അരിയാന റോക്കറ്റിലായിരുന്നു വിക്ഷേപണം. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെനിന്നാണു പ്രപഞ്ചരഹസ്യങ്ങൾ ചികയുക. ആറു മാസമെടുക്കും പ്രവർത്തനക്ഷമമാകാൻ.
ബഹിരാകാശത്ത് എത്തിക്കുന്ന ഏറ്റവും വലിയ ടെലിസ്കോപ് ആണിത്. യൂറോപ്യൻ, കനേഡിയൻ ബഹിരാകാശ ഏജൻസികൾ, അമേരിക്കയിലെ നാസ എന്നിവ ചേർന്നു നിർമിച്ച ഇതിന് ആയിരം കോടി ഡോളറാണു ചെലവ്.
ആയുസടുത്ത ഹബിൾ ടെലിസ്കോപ്പിനു പകരമാണു വെബ് നിർമിച്ചത്. മുപ്പതു വർഷം നീണ്ട നിർമാണത്തിൽ ലോകത്തെന്പാടുംനിന്ന് ആയിരക്കണക്കിനു പേർ പങ്കാളികളായി.
ഹബിളിനെക്കാൾ നൂറു മടങ്ങു ശക്തമാണു വെബ്. ഇൻഫ്രാറെഡ് തരംഗങ്ങളിൽ പ്രവർത്തിക്കുമെന്നതാണു സവിശേഷത. ബെറിലിയം ലോഹത്തിൽ നിർമിച്ച് സ്വർണം പൂശിയ 6.5 മീറ്റർ വ്യാസമുള്ള കോൺകേവ് കണ്ണാടിയാണ് ഇതിലുള്ളത്. ഹബിളിലെ കണ്ണാടിക്ക് 2.4 മീറ്ററാണു വ്യാസം.
വെബിലെ കണ്ണാടിയും മറ്റു സെൻസറുകളും മനുഷ്യന് കൂടുതൽ അറിവുകൾ തരും. പ്രപഞ്ചോത്പത്തിക്കു പിന്നാലെ രൂപംകൊണ്ട ആദിമ നക്ഷത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കലാണു വെബിന്റെ പ്രാഥമിക ദൗത്യം.
മനുഷ്യന് ഏറ്റവും കൂടുതൽ ജിജ്ഞാസ പകരുന്നതാണു രണ്ടാമത്തെ ദൗത്യം- വിദൂരതയിലെ ഗ്രഹങ്ങളെ നിരീക്ഷിക്കുക, ജീവനുണ്ടോയെന്നും വാസയോഗ്യമാണോയെന്നും പരിശോധിക്കുക.
മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ മൂൺ ലാൻഡിംഗ് ദൗത്യത്തിനു ചുക്കാൻ പിടിച്ച മുൻ നാസ ഡയറക്ടർ ജയിംസ് ഇ. വെബിന്റെ സ്മരണാർഥമാണു ടെലിസ്കോപിനു പേരിട്ടത്. മൂന്നുനില കെട്ടിടത്തിന്റെ വലിപ്പമുള്ള വെബിനെ റോക്കറ്റിൽ ചുരുട്ടിക്കൂട്ടിക്കൊണ്ടാണു പോയത്.
റോക്കറ്റിൽനിന്നു വേർപെട്ട വെബ് ഇനി സ്വയം മടക്കുകൾ നിവർത്തി പൂർവസ്ഥിതിയിലാകുന്നതും ഭ്രമണപഥത്തിൽ എത്തുന്നതുമായ സങ്കീർണപ്രവർത്തനങ്ങൾ ആറു മാസത്തിനകം പൂർത്തിയാകും.