തൃശൂർ: കോവിഡ് വന്നതിലൂടെ നേട്ടം കൊയ്ത ചില മരുന്നുകന്പനികൾ സാന്പത്തികമായി തടിച്ചുകൊഴുത്തുവെന്നു മന്ത്രി കെ. രാധാകൃഷ്ണൻ. ദയ മാധ്യമ ഫെലോഷിപ്പ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എച്ച് വണ്‍ എൻ വണ്‍ രോഗം പടർന്ന വേളയിൽ തകർച്ചമൂലം അടച്ചുപൂട്ടാൻ തയാറായിനിന്ന ഒരു മരുന്നുകന്പനി വലിയ സാന്പത്തിക നേട്ടമുണ്ടാക്കി. ഏതുവിധേനയും സന്പത്തു കൂട്ടുക എന്ന നയമുള്ള മരുന്നുകന്പനികൾ സാമൂഹ്യപ്രതിബദ്ധത മറക്കുന്നതു കാണാതെ പോകരുത്.
സ്വകാര്യ ആശുപത്രികൾ നല്ല സേവനം നൽകുന്നുണ്ട്. സാമാന്യം നല്ല ശന്പളം ലഭിക്കുന്ന ഡോക്ടർമാർ ഇനിയും ആനുകൂല്യവർധന വേണമെന്നാവശ്യപ്പെട്ടു സമരത്തിനിറങ്ങുന്നതു ശരിയാണോ എന്ന് അവർ ആലോചിക്കണം. സർവീസിൽ കയറുന്പോൾതന്നെ നാലും അഞ്ചും ഇൻക്രിമെന്റ് കിട്ടുന്ന ഏക വിഭാഗമാണ് ഡോക്ടർമാർ.
കോവിഡിനു ജാതിയും മതവുമൊന്നുമില്ല. എല്ലാ വിശ്വാസത്തിനും മീതെയാണ് ശ്വാസമെന്നതു മറക്കരുതെന്നും മന്ത്രി കെ. രാധാകൃഷ്ണൻ ഓർമിപ്പിച്ചു.സ്വകാര്യ ആശുപത്രികളിലെ അധാർമികപ്രവണതകൾ എന്ന വിഷയത്തിലൂന്നി മാധ്യമപ്രവർത്തകരായ ഫ്രാങ്കോ ലൂയിസ്, കെ.കൃഷ്ണകുമാർ, വി.എം. രാധാകൃഷ്ണൻ, ഭാസി പാങ്ങിൽ എന്നിവർ തയാറാക്കിയ ഫെലോഷിപ്പ് റിപ്പോർട്ട് മന്ത്രി കെ. രാജൻ പ്രകാശനം ചെയ്തു.
ആശുപത്രി എംഡി ഡോ. വി.കെ. അബ്ദുൾ അസീസ്, ചെയർമാൻ പ്രഫ. കെ.പി. അഹമ്മദ് കോയ എന്നിവർ ഏറ്റുവാങ്ങി.ഫെലോഷിപ്പ് റിപ്പോർട്ട് ആധികാരിക രേഖയെന്ന നിലയിൽ സമൂഹത്തിൽ വലിയ ചർച്ചയ്ക്കിടയാക്കുമെന്നു ടി.എൻ. പ്രതാപൻ എം.പി. വിലയിരുത്തി.
പി.ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വയോജന സൗഹൃദ ആശുപത്രിയാക്കി ഉയർത്തുന്നതിന്റെ ഒന്നാംഘട്ട പ്രഖ്യാപനവും നടത്തി. കെ.ജയരാജൻ, ഡോ.എം.ആർ. സന്തോഷ്ബാബു, സി.ചന്ദ്രബാനു, എം.എം. അബ്ദുൾ ജബാർ എന്നിവർ പ്രസംഗിച്ചു.