കോടാലി: വ്യക്തിജീവിതത്തിലെ അനുഭവങ്ങൾക്കൊപ്പം നാടിന്റെ സാമൂഹിക രാഷ്ടീയ സ്പന്ദനങ്ങളും ഡയറിയുടെ താളുകളിൽ എഴുതി സൂക്ഷിക്കുകയാണ് കടന്പോട് സ്വദേശി ടി.ഡി.ശ്രീധരൻ. കഴിഞ്ഞ അന്പതുകൊല്ലത്തിനിടയിൽ ഉണ്ടായ സുപ്രധാന സംഭവങ്ങളെല്ലാം ശ്രീധരന്റെ ഡയറിക്കുറിപ്പുകളിലുണ്ട്.
വ്യക്തി ജീവിതത്തിനേക്കാളേറെ പൊതു ജീവിതത്തെ ഡയറിയിൽ അടയാളപ്പെടുത്താനാണ് ടി.ഡി. ശ്രമിച്ചിട്ടുള്ളത്. 1970ന് ശേഷം ഉണ്ടായ സുപ്രധാന സംഭവങ്ങളും പ്രമുഖരുടെ വിയോഗവും ഡയറികുറിപ്പുകളിലുണ്ട്.
ഓരോ വർഷം പിറക്കുന്പോഴും പുതിയ ഡയറിയിലെഴുതി തുടങ്ങുന്ന ഇദ്ദേഹം പഴയ ഡയറികൾ എല്ലാം സൂക്ഷിച്ചുവെക്കുന്നുണ്ട്. കഴിഞ്ഞ അന്പതുകൊല്ലത്തിനിടിയിൽ താൻ ഉപയോഗിച്ച ഡയറികളിൽ 47 എണ്ണവും ഇദ്ദേഹം ഇപ്പോഴും സൂക്ഷിക്കുന്നു. കാലപ്പഴക്കം മൂലം മൂന്നെണ്ണം ദ്രവിച്ചുപോയി.
ചെറുപ്പം മുതലേ സിപിഐ പ്രവർത്തകനായി പൊതുരംഗത്തെത്തിയ ശ്രീധരൻ 21-ാം വയസിലാണ് ഡയറി എഴുതാൻ തുടങ്ങിയത്. പിന്നീട് പാർട്ടിയുടെ ആന്പല്ലൂർ മണ്ഡലം അസി.സെക്രട്ടറിയായും കുറച്ചുകാലം യുവജനസംഘടനയുടെ ജില്ല പ്രസിഡന്റായും പ്രവർത്തിച്ചു.
1979 മുതൽ 92 വരെ പൂങ്കുന്നം സീതാറാം ടെക്സ്റ്റയിൽസിൽ ജീവനക്കാരനായിരുന്നു.ഇതിനിടെ മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഏതാനും വർഷങ്ങൾ സേവനം അനുഷ്ഠിച്ചു. പിന്നീട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാരനായി ചേർന്ന ശ്രീധരൻ 2006ലാണ് സർവീസിൽ നിന്ന് വിരമിച്ചത്.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്പോഴും ഡയറി എഴുത്ത് മുടങ്ങാതെ കൊണ്ടുപോയി. പൊതുരംഗത്തെ സ്പന്ദനങ്ങൾക്കൊപ്പം പ്രാദേശികമായുള്ള നാടിന്റെ ഹൃദയമടിപ്പുകൾക്കും ഡയറിത്താളുകളിൽ ഇടം നൽകി. നാട്ടിൽ ഒരാൾ മരണപ്പെട്ടാൽ പോലും ശ്രീധരേട്ടന്റെ നാൾവഴിപുസ്തകത്തിൽ കുറിക്കപ്പെടും.
ഓരോ ദിവസത്തേയും സാമൂഹിക രാഷ്ട്രീയ വർത്തമാനങ്ങൾക്കൊപ്പം തന്റെ വരവുചിലവു കണക്കുകളും കൃത്യമായി ഡയറിയിൽ രേഖപ്പെടുത്തിവെച്ചിട്ടേ ശ്രീധരൻ ഉറങ്ങാറുള്ളു.
വെള്ളിക്കുളങ്ങര സഹ.ബാങ്ക് ഡയറക്ടർ ബോർഡംഗം, കടന്പോട് ആനന്ദകലാസമിതി വായനശാല സെക്രട്ടറി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെം പി.ടി.എ.പ്രസിഡൻര് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീധരൻ ഇപ്പോഴും പൊതു രംഗത്തുണ്ട്.
ലളിതമായ ജീവിത രീതികൾ പിന്തുടരുകയും ചെയ്യുന്ന ഇദ്ദേഹത്തിന് ജീവിതാവസാനം വരെ ഡയറി എഴുത്ത് മുടങ്ങാതെ കൊണ്ടുപോകാനാണ് ആഗ്രഹം. 2018ലെ പ്രളയാനുഭവങ്ങളും 2020ലും 21ലും ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയുടെ വേദനിപ്പിക്കുന്ന കുറിപ്പുകളും ശ്രീധരന്റെ ഡയറിത്താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
കോവിഡ് മുക്തമായ നല്ല നാളുകളുടെ അനുഭവങ്ങൾ പുതിയ വർഷത്തിലെ ഡയറിയിൽ കുറിക്കാൻ കഴിയട്ടെ എന്നാണ് എഴുപതാം വയസിലും ഡയറിഎഴുത്ത് തുടരുന്ന ശ്രീധരന്റെ പ്രാർത്ഥന.