കോട്ടയം: മാലിന്യം വില്ലനായി. തീപിടിത്തത്തിൽ കത്തിയമർന്നത് അറിവിന്റെ ലോകം.
ഇന്നലെ രാത്രിയിൽ നാഗന്പടത്തെ മാലിന്യ കൂന്പാരത്തിൽ നിന്നുള്ള തീ ആളി പടർന്ന് കുര്യൻ ഉതുപ്പ് റോഡിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയാണ് കത്തിയമർന്നത്.
ഇന്നലെ രാത്രി എട്ടോടെ ആയിരുന്നു സംഭവം. പുസ്തക കട പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് പുസ്തകങ്ങൾ വിൽക്കുന്ന കടയുടമ അനസ് പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ അനസ് പനയക്കഴുപ്പ് ഭാഗത്ത് താമസിച്ചാണ് വഴിയോര പുസ്തകശാല നടത്തിയിരുന്നത്. കടയുടെ പുറകുവശം ലോറികൾ പാർക്ക് ചെയ്യുന്ന സ്ഥലമാണ്.
ഇവിടെയാണ് നഗരസഭ മാലിന്യം നിക്ഷേപിക്കുന്നത്. കൂടിക്കിടന്ന മാലിന്യത്തിന് ആരോ തീയിട്ടു. ഇവിടെ നിന്നാണ് തീ പടർന്നത്.
ചൂടിൽ ഉണങ്ങി കിടന്നിരുന്ന മാലിന്യത്തിൽ നിന്നും തീ ആളി പുസ്തക കടയിലേക്ക് എത്തി. ഫയർഫോഴ്സിന്റെ നാലു യൂണിറ്റ് എത്തിയാണ് തീയണച്ചത്.
ക്രിസ്മസ് ദിനത്തിലും ഇവിടുത്തെ മാലിന്യത്തിനു തീ പിടിച്ചിരുന്നു. ലോറി പാർക്കിംഗിലെ മാലിന്യം നീക്കം ചെയ്യാത്ത നഗരസഭയുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാണ്.
നഗരസഭയുടെ പല ഭാഗങ്ങളിലും ഇതേ പോലെ മാലിന്യ നിക്ഷേപമുണ്ട്. ഇവിടങ്ങളിൽ മാലിന്യം കത്തിക്കുന്നതും പതിവാണ്.
ചെറിയ തീപ്പൊരികൾ പടർന്ന് മാലിന്യ കൂന്പാരത്തിനു തീപിടിച്ച് വലിയ അപകട സാധ്യതയാണ് പതിയിരിക്കുന്നത്.
മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യും: ചെയർപേഴ്സണ്
കോട്ടയം: നഗരസഭാ പ്രദേശത്തെ മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ചെയർപേഴ്സണ് ബിൻസി സെബാസ്റ്റ്യൻ രാഷ്്ട്രദീപികയോടു പറഞ്ഞു.
നാഗന്പടത്ത് കഴിഞ്ഞയാഴ്ചയും തീപിടിത്തമുണ്ടായിരുന്നു. ഇതേ തുടർന്ന് ക്ലീൻ കേരള കന്പനി മാലിന്യങ്ങൾ നീക്കിയിരുന്നു. ബാക്കി മാലിന്യങ്ങളും ഉടൻ നീക്കുമെന്നും ചെയർപേഴ്സണ് പറഞ്ഞു.