അജിത് ജി നായർ
എല്ലാ വിമാനാപകടങ്ങൾക്കുശേഷവും പതിവായി കേൾക്കാറുള്ള പേരാണ് ബ്ലാക് ബോക്സ്. പേരു സൂചിപ്പിക്കുന്നതു പോലെ ബോക്സിനു സമാനമായ ഉപകരണമാണിത്.
എന്നാൽ ഏക വ്യത്യാസം ഇതിന്റെ നിറം കറുപ്പ് അല്ലെന്നുള്ളതാണത്. ഓറഞ്ച് നിറത്തിലുള്ള ഒരു റിക്കാർഡിംഗ് ഡിവൈസാണ് ബ്ലാക് ബോക്സ്. കൃത്യമായി പറഞ്ഞാൽ ഫ്ലൂറസന്റ് ഫ്ളെയിം ഓറഞ്ച്.
ബ്ലാക് ബോക്സുകളെ ഫ്ളൈറ്റ് റിക്കാർഡറുകളെന്നും പറയാറുണ്ട്. കേവലം ഒരു ഷൂ ബോക്സിന്റെ വലിപ്പമാണ് ബ്ലാക് ബോക്സുകൾക്കുള്ളത്.
ഫ്ളൈറ്റ് ഡേറ്റ റിക്കാർഡർ, കോക്പിറ്റ് വോയിസ് റിക്കാർഡർ എന്നിങ്ങനെ രണ്ടു തരം റിക്കാർഡിംഗ് സംവിധാനങ്ങളാണ് ബ്ലാക് ബോക്സിലുള്ളത്.
ഫ്ളൈറ്റ് ഡാറ്റ റിക്കാർഡർ വിമാനത്തിന്റെ എയർസ്പീഡ്, പറക്കൽ വേളയിലെ ഉയരം, വെർട്ടിക്കൽ ആക്സിലറേഷൻ, ഫ്യൂവൽ ഫ്ളോ എന്നിവയാണ് റെക്കോർഡ് ചെയ്യുന്നത്.
ഏറെക്കുറെ 25 മണിക്കൂറോളം ഡേറ്റ റിക്കാർഡ് ചെയ്യാനുള്ള സ്റ്റോറേജാണ് ഒരു എഫ്ഡിആറിൽ ഉള്ളത്.
എയർട്രാഫിക്ക് കണ്ട്രോളുമായുള്ള കോക്ക്പിറ്റിലെ സംഭാഷണങ്ങൾ ഉൾപ്പെടെ റിക്കാർഡ് ചെയ്യുന്ന ഡിവൈസാണ് സിവിആർ. സ്വിച്ചുകളുടെയും എഞ്ചിന്റെയും ശബ്ദവും ഇതിൽ റെക്കോർഡ് ചെയ്യും.
സിവിആർ, എഫ്ഡിആർ എന്നിവ ഒന്നിച്ച് പരിശോധിക്കുന്നതിലൂടെയാണ് വിമാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകുന്നത്്. വിമാനത്തിനുണ്ടായിരുന്ന തകരാറുകളും ഇതുവഴി മനസ്സിലാക്കാൻ സാധിക്കും.
കോക്പിറ്റ് വോയിസ് റെക്കോഡിംഗിന് രണ്ട് മണിക്കൂറുള്ള വോയിസുകൾ മാത്രമേ റെക്കോർഡ് ചെയ്യാൻ സാധിക്കുകയുള്ളു.
വിമാനത്തിലെ ജിവനക്കാരുടെ പരസ്പര സംഭാഷണങ്ങൾ ഉൾപ്പെടെ മിക്ക ശബ്ദങ്ങളും റിക്കാർഡ് ചെയ്യപ്പെടുന്നതിനാൽ അപകടം എങ്ങനെ ഉണ്ടായിയെന്ന വിവരങ്ങൾ ഇതിലൂടെ ലഭിക്കും.
എല്ലാ കോമേഴ്സ്യൽ ഫ്ളൈറ്റുകളിലും കോർപ്പറേറ്റ് ജെറ്റുകളിലും ബ്ലാക് ബോക്സ് നിർബന്ധമാണ്.
സാധാരണയായി വിമാനത്തിന്റെ ഏറ്റവും പിന്നിലായാണ് ബ്ലാക് ബോക്സ് ഘടിപ്പിക്കാറുള്ളത്. വിമാനം തകർന്നാൽ ഏറ്റവും കുറവ് കേടുപാടുകൾ ഇവിടെയാവും എന്നതിനാലാണിത്.
അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്സ് എങ്ങനെ കണ്ടെത്തും? കരപ്രദേശത്തുണ്ടാകുന്ന അപകടങ്ങളിൽ ബ്ലാക് ബോക്സ് കണ്ടെത്തുക എളുപ്പമാണ്.
തീപിടിത്തമുണ്ടായാലും ബ്ലാക്ക് ബോക്സിലെ റിക്കാർഡിംഗിന് നാശമോ അവ്യക്തതയോ ഉണ്ടാകില്ല. വിമാനം തകർന്ന് വീഴുന്നത് കടലിലായാൽ കണ്ടെത്താൻ പ്രത്യേക സംവിധാനം ബ്ലാക് ബോക്സിൽ തന്നെ ഒരുക്കിയിട്ടുണ്ട്.
അണ്ടർവാട്ടർ ലോക്കേറ്റർ ബീക്കണ് എന്നാണ് ഈ സംവിധാനത്തിന്റെ പേര്. വെള്ളത്തിൽ വീണാൽ ഒരു അൾട്രാസോണിക്ക് പൾസ് ഇത് പുറപ്പെടുവിക്കും.
ഇത്തരത്തിൽ മുപ്പത് ദിവസം വരെ നിലയ്ക്കാതെ പൾസ് പുറക്കുവരും. ഇതിനകം ബ്ലാക്ക് ബോക്സ് സാധാരണ ഗതിയിൽ കണ്ടെടുക്കാനാകും.
1954ൽ ഡേവിഡ് വാറൻ എന്ന ഓസ്ട്രേലിയൻ ശാസ്ത്രജ്ഞനാണ് ബ്ലാക് ബോക്സ് വികസിപ്പിച്ചത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടിഷ് പട്ടാളം റേഡിയോ, റഡാർ, ഇലക്ട്രോണിക്ക് നാവിഗേഷൻ എയ്ഡുകൾ എന്നിവയുമായി ബന്ധപ്പെട്ട് രഹസ്യ ഉപകരണങ്ങൾ കറുപ്പ് ബോക്സിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്.
ഇതിൽ നിന്നാണ് വിമാനത്തിലെ വിവരങ്ങൾ റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്ന ഉപകരണത്തിന് ബ്ലാക് ബോക്സ് എന്ന പേരുവന്നത്.
ഏതുതരം അപകടത്തെയും അതിജീവിക്കാൻ പോന്ന ഘടനയിലാണ് ബ്ലാക്ബോക്സ് നിർമിച്ചിരിക്കുന്നത്. കടുത്ത താപം, മർദ്ദം, വീഴ്ചയിലുണ്ടാകുന്ന ആഘാതം എന്നിവയെ അതിജീവിക്കാൻ ഇതിനു കഴിയും.
ഒരു കോണ്ക്രീറ്റ് ചുമരിലേക്ക് 750 കിലോമീറ്റർ വേഗതയിൽ വന്ന് ഇടിച്ചാലുണ്ടാകുന്ന സമ്മർദ്ദത്തെയും 1,100 ഡിഗ്രി സെൽഷ്യസ് വരെ ചൂടിനെയും ബ്ലാക് ബോക്സിന് അതിജീവിക്കാനാവും. വെള്ളത്തിലും മഞ്ഞുമലയിലും പതിച്ചാലും കേടുപാടുവരില്ല.