യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…. കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തിനകം രണ്ടാം നന്പർ പ്ലാറ്റ്ഫോമിൽ വന്നു ചേരുന്നതാണ് ….
ഇംഗ്ലിഷിലും, ഹിന്ദിയിലും ഇതേ അറിയിപ്പുകൾ ആവർത്തിക്കുന്പോൾ യാത്രക്കാർ കാത്തിരിപ്പിന് വിരാമമിട്ട് യാത്രാസാമഗ്രികളെടുത്ത് യാത്ര പുറപ്പെടാൻ തയ്യാറായി നിൽക്കും.
ഓരോ യാത്രക്കാരനും സ്റ്റേഷനിലെത്തുന്പോൾ മണിയടിയുടെ അകന്പടിയോടെ കേൾക്കുന്ന ഹൃദ്യമായ ഈ ശബ്ദം കേൾക്കാൻ കാത്തിരിക്കും.
ദക്ഷിണ റയിൽവേയ്ക്കുകീഴിൽ വർഷങ്ങളായി യാത്രക്കാർക്ക് പ്രത്യാശ പകരുന്ന ഈ ശബ്ദം പാലക്കാട്ടുകാരിയായ സി. ഷിജിന ടീച്ചറുടേതാണ്.
ഏതു സ്റ്റേഷനിലെത്തിയാലും ഷിജിനയുടെ ശബ്ദത്തിലുള്ള അറിയിപ്പുകളാണ് യാത്രക്കാർക്ക് കേൾക്കാനാവുക.
വടകരയിൽ ജനിച്ച് പാലക്കാടിന്റെ മരുമകളായി എത്തിയ സംഗീതാധ്യാപികയാണ് സി.ഷിജിന. ഒരിക്കലെങ്കിലും ട്രെയിൻ യാത്ര നടത്തിയിട്ടുള്ളവർ ഷിജിനയുടെ ശബ്ദം കേൾക്കാതിരിക്കില്ല.ആ ശബ്ദത്തിന്റെ ഇന്പം മറക്കാനുമാവില്ല.
ശബ്ദമാധുരി ആവോളമുള്ള ഈ പാലക്കാട്ടുകാരിയെ അധികമാരും നേരിൽ കണ്ടിട്ടുണ്ടാവില്ല. കോഴിക്കോട് വടകരയ്ക്കടുത്ത് മയ്യന്നൂരാണ് ഷിജിനയുടെ സ്വദേശം.
സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഷിജിന ഇപ്പോൾ ഒറ്റപ്പാലം എൽ.എസ്.എൻ. ഹൈസ്കൂളിൽ സംഗീതാധ്യാപികയാണ്.
ചിറ്റിലഞ്ചേരി എം.എൻ.കെ.എം ഹൈസകൂൾ അധ്യാപകൻ അരുണിനെ വിവാഹം ചെയ്തതോടെയാണ് ഇവർ പാലക്കാട്ട് സ്ഥിരതാമസമാക്കിയത്.
റെയിൽവേ സ്റ്റേഷനുകളിൽ ഷിജിനയുടെ ശബ്ദം വിവിധ തരത്തിലുള്ള അറിയിപ്പുകളായി മുഴങ്ങാൻ തുടങ്ങിയിട്ട് നാലു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.
മലയാളത്തിൽ മാത്രമല്ല ദക്ഷിണ റെയിൽവേക്ക് കീഴിൽ കേരളം, തമിഴ്നാട,് കർണാടക സംസ്ഥാനങ്ങളിലെ ഇംഗ്ലീഷ,് ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ യാത്രാ അറിയിപ്പുകളും ഷിജിനയുടെ സ്വരമാധുരിയിൽ തന്നെയാണ് ലക്ഷക്കണക്കിനു യാത്രക്കാർ അറിയുന്നത്.
എല്ലാം ഒരു ഭാഗ്യനിയോഗം പോലെ തോന്നുന്നു. റെയിൽവേ സ്റ്റേഷനുകളിൽ രാപകൽ മുഴങ്ങുന്ന ശബ്ദത്തിനുടമയായ ഷിജിനയ്ക്കു പറയാനുള്ളത് ഇത്രമാത്രം.
വർഷങ്ങളായി ഡബ്ബിങ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന ഇവർ നിരവധി ഡോക്യുമെന്ററികൾക്കും ശബ്ദം നൽകിയിട്ടുണ്ട്. പരസ്യചിത്രങ്ങളിലും, ഗാനരംഗങ്ങളിലും ഈ സ്വരമാധുരി ഉയരുന്നുണ്ട്.
പാലക്കാട്ട് വന്നതിനുശേഷമാണ് റെയിൽ അറിയിപ്പ് സ്വന്തം ശബ്ദത്തിൽ നൽകാനുള്ള ഭാഗ്യത്തിന് പച്ചവെളിച്ചം തെളിഞ്ഞത്.
റിക്കാർഡിംഗ് രംഗത്ത് വർഷങ്ങളുടെ പാരന്പര്യമുള്ള പാലക്കാട് പ്രസ്റ്റീജ് സ്റ്റുഡിയോയിൽ അന്നൊരിക്കൽ റെയിൽവേ അധികൃതർ മികച്ച ശബ്ദമാധുര്യമുള്ളവരെ തേടി എത്തുകയുണ്ടായി.
ഇവരിൽനിന്ന് ഹൈദരാബാദിലേക്കയച്ച ശബ്ദ സാന്പിൾ പരിശോധനയിൽ തെരഞ്ഞെടുക്കപ്പെട്ടത് ഷിജിനയുടെ സ്വരമായിരുന്നു. ഇതാണ് ഷിജിനയുടെ ജീവിതത്തിൽ നല്ല നേരമായി മാറിയതും.
ഒരുമാസം നീണ്ട ക്ലേശകരമായ ശ്രമത്തിലാണ് റെയിൽവേക്കു വേണ്ടി വിവിധ രീതിയിലുള്ള അറിയിപ്പുകളുടെ റിക്കാർഡിംഗ് പൂർത്തിയാക്കിയത്.
തെലുങ്കു ഭാഷയായിരുന്നു സംസാരിക്കാൻ ഏറ്റവും കഠിനം. ചിറ്റൂർ കോളജിൽ സഹപാഠിയായിരുന്ന സഞ്ജിത ആന്ധ്രപ്രദേശിലായിരുന്നു താമസം.
അവരോട് തുടരെ ആശയവിനിമയം നടത്തിയാണ് ഓരോ തെലുങ്കു വാക്കിലെയും ഉച്ചാരണരീതി കൃത്യമായി മനസിലാക്കിയെടുത്തത്.
ഓരോ കംപ്യൂട്ടർ ഫയലുകളായാണ് റെയിൽവേ അറിയിപ്പിന്റെ വാചകങ്ങൾ സൂക്ഷിക്കുന്നത്. ഇതിനാൽതന്നെ ആവശ്യാനുസരണം കൂട്ടിച്ചേർക്കലുകൾ നടത്താനും കഴിയും.
തീവണ്ടി യാത്രയ്ക്കായി റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്പോൾ കാത്തിരിപ്പിന് വിരാമമിട്ട് അറിയിപ്പായി തന്റെ ശബ്ദം തന്നെ മുഴങ്ങി കേൾക്കുന്പോൾ പറഞ്ഞറിയിക്കാനാകാത്ത ഒരു നിർവൃതിയാണ് അനുഭവപ്പെടുക.
കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച കണ്ട്രോളിംഗ് ഇൻസ്പെക്ടർ ചന്ദ്രന്റെയും അധ്യാപികയായിരുന്ന നാരായണിയുടെയും ഇളയ മകളായ ഷിജിന ചെറുപ്രായത്തിൽ തന്നെ സംഗീതത്തോട് വലിയ താൽപര്യം പുലർത്തി വന്നിരുന്നു. സംസ്ഥാനതലത്തിൽ നിരവധി പുരസ്കാരങ്ങൾ ഇവർ പഠനകാലത്ത് നേടിയെടുത്തു.
മകളുടെ താത്പര്യം മനസ്സിലാക്കി യാണ് മാതാപിതാക്കൾ ആ വഴിയിൽ തന്നെ സഞ്ചരിക്കാൻ അനുവാദം നൽകിയത്. മാളവിക, ഇന്ദ്രജിത് എന്നിവരാണ് മക്കൾ.
ഇവരും കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും വഴികളിൽ സജീവമായി മുന്നേറുന്നു.
ഒരിക്കലും കൂടിച്ചേരാൻ ഇടയില്ലാത്ത സമാന്തര പാതകളിൽ തീവണ്ടികൾ യാത്ര തുടരുകയാണ്…… ഇതിനൊപ്പം ഒരു നിയോഗമെന്നോണം ട്രെയിനുകളുടെ വരവുപോക്കു വിവരങ്ങളുടെ അറിയിപ്പുകൾ ഷിജിനയുടെ ശബ്ദത്തിൽ ദക്ഷിണേന്ത്യയിലുടനീളം മുഴങ്ങുന്നു.